Crime

വന്യജീവി സങ്കേതത്തില്‍നിന്നും പുറത്തുവന്ന കാണ്ടാമൃഗം വഴിയാത്രക്കാരനെ ആക്രമിച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി: അസമില്‍ കാണ്ടാമൃഗം പിന്തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മോറിഗാവ് ജില്ലയിലെ പോബിതോറ വന്യജീവി സങ്കേതത്തിന് സമീപം ഉണ്ടായ സംഭവത്തില്‍ 37കാരന്‍ തന്റെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ വന്യജീവി സങ്കേതത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ കാണ്ടാമൃഗം വാഹനത്തിന് അരികിലേക്ക് വന്ന് ആക്രമണം നടത്തുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയില്‍ താമസിക്കുന്ന സദ്ദാം ഹുസൈന്‍ എന്നയാളാണ് മരണമടഞ്ഞത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്ന മൃഗം അവനെ പിന്തുടരുമ്പോള്‍ അയാള്‍ വേഗത്തില്‍ ബൈക്കില്‍ നിന്ന് ഇറങ്ങി തുറസ്സായ പറമ്പിലേക്ക് ഓടുന്നത് വൈറലായ ഒരു വീഡിയോയില്‍ കാണാം.

2800 കിലോഗ്രാം വരെ ഭാരമുള്ള കാണ്ടാമൃഗത്തെ വിരട്ടിയോടിക്കാന്‍ നാട്ടുകാര്‍ ആക്രോശിക്കുന്നത് കേള്‍ക്കാം. ഹുസൈനെ പിന്നീട് വയലില്‍ തല തകര്‍ത്ത നിലയില്‍ കണ്ടെത്തി. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയുടെ പ്രാന്തപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പോബിതോറ വന്യജീവി സങ്കേതം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ സാന്ദ്രതയ്ക്ക് പേരുകേട്ടതാണ്. ലോകത്തിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളില്‍ 80 ശതമാനവും ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ്.