ബീഹാറിലെ ഔറംഗബാദ് ജില്ലയില്‍, വിവാഹം കഴിഞ്ഞ് 45 ദിവസങ്ങള്‍ക്കുള്ളില്‍ അമ്മാവനെ വിവാഹം കഴിക്കാന്‍ വേണ്ടി 25 വയസ്സുള്ള നവവരനെ ഭാര്യ കൊലപ്പെ ടുത്തി. 55 വയസുള്ള സ്വന്തം അമ്മാവനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം നടത്തിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വാടകക്കൊലയാളികളെ വച്ചാണ് കൃത്യം നടപ്പാക്കിയത്.
പതിനഞ്ചു വര്‍ഷത്തോളമായി ഗുഞ്ച ദേവിയും അമ്മാവന്‍ ജീവന്‍ സിങ്ങുമായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അവരുടെ വീട്ടുകാര്‍ അനുകൂലമായിരുന്നില്ല . ഈ ബന്ധം നിലനില്‍ക്കേ രണ്ടു മാസം മുമ്പ് നബിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബര്‍വാന്‍ ഗ്രാമത്തിലെ പ്രിയാന്‍ഷുവുമായി ദേവിയുടെ വീട്ടുകാര്‍ അവളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. പക്ഷേ വിവാഹത്തിനു ശേഷവും ഗുഞ്ച ദേവിയും അമ്മാവനും തമ്മിലുള്ള ഫോണ്‍ വിളികളടക്കം തുടര്‍ന്നു.
‘ജൂണ്‍ 25 ന്, പ്രിയാന്‍ഷു തന്റെ സഹോദരിയെ സന്ദര്‍ശിച്ച ശേഷം ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു, നവി നഗര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ കൊണ്ടുപോകാന്‍ ആരെയെങ്കിലും ബൈക്കില്‍ അയയ്ക്കാന്‍ ദേവിയോട് പറഞ്ഞു. സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്കുള്ള പ്രിയാന്‍ഷുവിനെ യാത്രാമധ്യേ രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചപ്പോള്‍, ദേവി ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത് പ്രിയാന്‍ഷുവിന്റെ കുടുംബാംഗങ്ങളില്‍ സംശയം ജനിപ്പിച്ചു. ദേവിയുടെ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് അവര്‍ അമ്മാവനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.
അമ്മാവന്റെ കോള്‍ റെക്കോര്‍ഡുകളുടെ വിശദാംശങ്ങള്‍ അയാള്‍ ഷൂട്ടര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കാണിച്ചു. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. പ്രിയാന്‍ഷുവിന്റെയും ദേവിയുടെയും വിവാഹം കഴിഞ്ഞ് 45 ദിവസത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ദേവി ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.




