Oddly News

5കോടിയുടെ ആശുപത്രി; 10വര്‍ഷം കഴിഞ്ഞിട്ടും ചികിത്സ തുടങ്ങാനായില്ല; കള്ളന്മാര്‍ക്ക് കൈമാറി

കോടികള്‍ മുടക്കി നിര്‍മ്മിച്ച ആശുപത്രിയില്‍ വര്‍ഷം പത്തായിട്ടും ഒരു രോഗിക്ക് പോലും ചികിത്സ കിട്ടാതെ കള്ളന്മാരും കൊള്ളക്കാരും ഉപയോഗിക്കുന്നു. ബിഹാറിലെ മുസാഫര്‍പൂരില്‍ ചാന്ദ് പുര മേഖലയില്‍ വയലിന് നടുവിലായി ആറ് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 30 കിടക്കകളുള്ള ആശുപത്രിയാണ് ഒരുരോഗിക്ക് പോലും ചികിത്സ നല്‍കാതെ കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമായി കൈമാറിയിരിക്കുന്നത്.

കോടികള്‍ മുടക്കി നിര്‍മിച്ച സര്‍ക്കാര്‍ ആശുപത്രി, ഉദ്ഘാടനം ചെയ്യപ്പെടാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 2015 ല്‍ നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിക്കായി അഞ്ചുകോടിയായിരുന്നു ചെലവ്. ഒരു രോഗിക്ക് പോലും ചികില്‍സ ലഭിക്കാത്തതിനാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നശിച്ചു. ആശുപത്രിയുടെ ജനല്‍, വാതില്‍ ഫ്രെയിമുകള്‍, വാതിലുകള്‍, ഗ്രില്ലുകള്‍, ഗേറ്റുകള്‍, അലമാരകള്‍, ഇലക്ട്രിക്കല്‍ വയറിംഗ്, മറ്റ് ഉപകരണങ്ങള്‍ എന്നിവ മോഷ്ടാക്കള്‍ അപഹരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ താറുമാറായിരിക്കുകയാണ്.

ആശുപത്രി കാമ്പസില്‍ മൂന്ന് കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നു – ഒന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍, ഒന്ന് ടെസ്റ്റിംഗ് സെന്റര്‍, പ്രധാന കെട്ടിടം. പ്രദേശത്തെ ഒരു ലക്ഷത്തോളം വരുന്ന് ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്താന്‍ 50 കിലോമീറ്റര്‍ താണ്ടണം. ബീഹാറിലെ അരാരിയ ജില്ലയില്‍ ഇരുവശത്തും റോഡില്ലാതെ ഒരു തുറസ്സായ മൈതാനത്തിന് നടുവില്‍ നില്‍ക്കുന്ന ഒരു പാലത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ ആശുപത്രിയുടെ വിവരം വന്നിട്ടുള്ളത്. മൂന്നുകോടി രൂപ ചെലവില്‍ രണ്ടു ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതായിരുന്നു പാലം. വയലിനു നടുവില്‍ അതും കുടുങ്ങിക്കിടക്കുകയാണ്.