Crime

ഗര്‍ഭിണിയെ ബൈക്കില്‍ വലിച്ചിഴച്ച് പൊലീസുകാരന്‍; സമൂഹമാധ്യമങ്ങളില്‍ രോഷം

രാത്രി പട്രോളിംഗിനിടെ ഗര്‍ഭിണിയായ യുവതിയെ പോലീസുകാരന്‍ ബൈക്കില്‍ വലിച്ചിഴയ്ക്കുന്ന വിഡിയോ വൈറലാകുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ബൈക്കിനു മുന്നില്‍ കയറി നിന്ന യുവതിയെ, യൂണിഫോമിലുള്ള പൊലീസുകാരൻ വലിച്ചിഴയ്ക്കുന്നതായി കാണാം. ഇന്ത്യൻ യൂത്ത് കോൺഗ്രസാണ് വിഡിയോ എക്സിലൂടെ പുറത്ത് വിട്ടത്. ബിഹാറിലെ പട്നയിലെ മറൈൻ ഡ്രൈവിലാണ് സംഭവം.

യുവതി പൊലീസുകാരന്‍ കയറിയിരിക്കുന്ന സ്കൂട്ടറിന് മുന്നിൽ നിൽക്കുന്നതും അയാൾ മുന്നോട്ട് പോകുന്നത് തടയാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഇയാള്‍ സ്കൂട്ടർ മുന്നോട്ടെടുക്കുന്നു. യുവതി മാറാതിരിക്കുകയും സ്കൂട്ടറിന് മുന്നിലായി നിന്ന യുവതിയെ അല്‍പദൂരം വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. യുവതി എത്ര പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥന്‍ സ്കൂട്ടര്‍ നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. പിന്നാലെ മറ്റൊരു പൊലീസുകാരൻ എത്തിയാണ് രംഗം ശാന്തമാക്കുന്നത്. തുടര്‍ന്ന് സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ കയറി പോകാന്‍ തുടങ്ങുമ്പോളും ഉദ്യോഗസ്ഥനും യുവതിയും വാഗ്വാദം തുടരുന്നതും വിഡിയോയിലുണ്ട്.

സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. നിയമപ്രകാരം ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും അയാളുടെ പ്രവൃത്തികൾക്ക് അയാള്‍ ശിക്ഷിക്കപ്പെടണമെന്നും നെറ്റിസണ്‍സ് വിഡിയോക്ക് താഴെ കുറിച്ചു.

രോഷം കനത്തതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി പട്ന പൊലീസും രംഗത്തെത്തി. കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് എക്സില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. വിഡിയോ അന്വേഷണത്തിന്‍റെ ഭാഗമായ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.