Featured Oddly News

ചൊവ്വയിൽ നിന്നുള്ള അപൂർവ ഉൽക്ക ലേലത്തിന്, വില 33 കോടി രൂപ കടക്കും ?

ചൊവ്വയിൽ നിന്നുള്ള ഒരു അപൂർവ ഉൽക്ക, ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയത്, അടുത്ത ആഴ്ച യുഎസിലെ ന്യൂയോർക്കിൽ ലേലത്തിന് വെക്കാൻ ഒരുങ്ങുന്നു. NWA 16788 എന്നറിയപ്പെടുന്ന ഈ അമൂല്യ പാറ പ്രശസ്തമായ സോഥെബിയുടെ ലേലശാലയിൽ ലേലം ചെയ്യപ്പെടും.

25 കിലോഗ്രാമിലധികം ഭാരവും 15 ഇഞ്ച് വീതിയുമുള്ള ഈ ഉൽക്ക, നമ്മുടെ ഗ്രഹത്തിൽ ഇതുവരെ കണ്ടെത്തിയ ചൊവ്വയുടെ മറ്റ് ഭാഗങ്ങളെക്കാൾ ഏകദേശം 70 ശതമാനം വലുതാണ്. ഏകദേശം 22.5 കോടി മൈൽ ബഹിരാകാശത്തിലൂടെ സഞ്ചരിച്ച ശേഷം 2023-ൽ ആഫ്രിക്കൻ രാജ്യമായ നൈജറിലെ വിദൂര അഗഡെസ് മേഖലയിൽ നിന്നാണ് ഇത് കണ്ടെത്തിയത്.

ചൊവ്വയിൽ നിന്നുള്ള ഉൽക്കകൾ വളരെ അപൂർവം

സോഥെബിയുടെ കണക്കനുസരിച്ച്, ചൊവ്വയിൽ നിന്നുള്ള ഉൽക്കകൾ അപൂർവമാണ്. ഭൂമിയിൽ ഔദ്യോഗികമായി അംഗീകരിച്ച 77,000 ഉൽക്കകളിൽ ഏകദേശം 0.6 ശതമാനം മാത്രമാണ് ഇവ. ഭൂമിയില്‍ ഇത്തരത്തിലുള്ള ഏകദേശം 400 പാറകൾ മാത്രമേ ഉള്ളൂ. ലേലത്തിന് വെക്കുന്ന ഈ ഭാഗം, ഇതുവരെ കണ്ടെത്തിയ ചൊവ്വയുടെ മൊത്തം വസ്തുക്കളുടെ ഏകദേശം 6.5 ശതമാനം വരും. ചൊവ്വയിൽ വലിയൊരു ഛിന്നഗ്രഹ കൂട്ടിയിടി ഉണ്ടായപ്പോൾ അവിടെ നിന്ന് തെറിച്ച അവശിഷ്ടങ്ങളിൽ നിന്നാണ് ഈ പ്രത്യേക ഉൽക്ക രൂപപ്പെട്ടതെന്നും അതിലൊരു ഭാഗം പിന്നീട് ഭൂമിയിലെത്തി സഹാറാ മരുഭൂമിയിൽ പതിച്ചുവെന്നുമാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

ലേലം വിളിക്കുന്നവർക്ക് വലിയ പ്രതീക്ഷ

“ഇതൊരു അത്ഭുതകരമായ കണ്ടെത്തൽ മാത്രമല്ല, നമ്മുടെ അയൽവാസിയായ ചുവന്ന ഗ്രഹത്തിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ നമ്മളെ സഹായിക്കുന്ന ഒരു വലിയ വിവരശേഖരം കൂടിയാണ്.” സോഥെബിയുടെ സയൻസ് ആൻഡ് നാച്ചുറൽ ഹിസ്റ്ററി വൈസ് ചെയർപേഴ്സൺ കാസാന്ദ്ര ഹാട്ടൺ ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

അവിടെ നിന്ന് ഇവിടെയെത്താനുള്ള സാധ്യത ജ്യോതിശാസ്ത്രപരമായി വളരെ ചെറുതാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ ഭാഗം ഏകദേശം 4 ദശലക്ഷം ഡോളറിന് (33 കോടി രൂപയിലധികം) ലേലം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലേലത്തിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ ലേലത്തുക 1.6 ദശലക്ഷം ഡോളർ (ഏകദേശം 13 കോടി രൂപ) കടന്നു. ഈ ഉൽക്ക ജൂലൈ 15 വരെ സോഥെബിയുടെ ന്യൂയോർക്ക് ഗാലറികളിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. ജൂലൈ 16-ലെ പ്രകൃതി ചരിത്ര ലേലത്തിൽ പുരാതന ഫോസിലുകൾ, ദിനോസർ അസ്ഥികൂടങ്ങൾ, മറ്റ് അപൂർവ ഭൗമശാസ്ത്രപരമായ ഘടനകൾ എന്നിവയും ഉൾപ്പെടും.