Celebrity

വന്നു, പാടി, കീഴക്കി! അംബാനി കുടുംബത്തില്‍ നിന്നും 83 കോടി രൂപ വാങ്ങി ബീബര്‍, ഏറ്റവും ഉയര്‍ന്ന പ്രതിഫലം

ആനന്ദ് അംബാനിയുടെ വിവാഹത്തിനോടനുബന്ധിച്ച് നടന്ന സംഗീത ചടങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ജൂലൈ 5ന് മുംബൈ ബികെസിയില്‍ വൈകിട്ടായിരുന്നു പരിപാടി. ശനിയാഴ്ച്ച പുലര്‍ച്ചെ തന്നെ താരം തിരികെ അമേരിക്കയിലേക്ക് മടങ്ങിയതായിയാണ് വിവരം.

വെള്ളിയാഴ്ച്ച രാവിലെ കനത്ത സുരക്ഷയിലാണ് താരം മുംബൈയിലെത്തിയത്. അംബാനികുടുംബം താരത്തിന് എവിടെയാണ് താമസസൗകര്യം ഒരുക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.സംഗീത പരിപാടിയില്‍ പാടുന്നതിനായി ബീബര്‍ പ്രതിഫലമായിവാങ്ങിയത് 83 കോടി രൂപയാണെന്നാണ് വിവരം.സാധാരണയായി ആഘോഷ പരിപാടികളില്‍ പാടുന്നതിനായി 20 മുതല്‍ 50 കോടി രൂപ വരെയാണ് താരം വാങ്ങാറുള്ളത്.ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് അംബാനി കുടുംബത്തില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നത്.

റാപ്പര്‍ ഡ്രേക്ക്, അഡെല്‍, ലാനാ ഡെല്‍ റേ എന്നീ ഗായകരും അംബാനിക്കല്യാണം കൊഴുപ്പിക്കാന്‍ എത്തുമെന്ന വിവരം മുന്‍പ് പുറത്തുവന്നിരുന്നു. ജൂലൈ 12നാണ് മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഇളയ മകനായ അനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റുമായുള്ള വിവാഹം.വിവാഹത്തില്‍ ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി വ്യക്തികള്‍ക്ക് ക്ഷണമുണ്ട്.