സ്കൂളില്‍ ക്ലാസ് സമയത്ത് വിദ്യാര്‍ഥിയെക്കൊണ്ട് കാലു തിരുമ്മിച്ച അധ്യാപികയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മദ്ധ്യപ്രദേശില്‍ ഭോപ്പാലിലെ ഒരു സർക്കാർ സ്കൂളിൽനിന്നുള്ള വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. എം.ജി. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് നാലാംക്ലാസുകാരനെക്കൊണ്ട് കാല്‍ തിരുമ്മിച്ചത്.
സ്കളില്‍ ക്ലാസ് മുറിയിലെ തറയിലിരുന്നാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ആവശ്യത്തിനുള്ള ബെഞ്ചുകളോ ഇരിപ്പിടങ്ങളോ ക്ലാസിലില്ല. ഇതേക്ലാസില്‍ കസേരയിലിരിക്കുന്ന അധ്യാപിക കാൽ നീട്ടികൊടുത്ത് നാലാം ക്ലാസ്സുകാരനെക്കൊണ്ട് കാലു തിരുമ്മിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒരാൾ വിഡിയോ ഫോണില്‍ പകർത്തി. വിഡിയോ റെക്കോർഡ് ചെയ്യുന്ന കാര്യം മനസ്സിലാക്കിയ അധ്യാപിക ഉടന്‍ കാല്‍ പിന്നോട്ട് വലിക്കുകയും കുട്ടിയെ മടക്കി അയയ്ക്കുകയും ചെയ്തു.
സംഭവം വലിയ പ്രതിഷേധങ്ങൾക്കു തുടക്കമിട്ടു. കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപകർ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലെ വൈരുധ്യമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളുകളില്‍ വിടുന്നത് നല്ല വിദ്യാഭ്യാസം ലഭിക്കാനും, മൂല്യങ്ങള്‍ വളര്‍ത്തിയെടുത്ത് നല്ല പൗരന്‍മാരായി വളരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുമാണ്. അധ്യാപകര്‍ തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധിക്കുന്നത് കുട്ടികളടുടെ മാനസിക നിലയെ മോശമായി സ്വാധീനിക്കുമെന്നാണ് വീഡിയോ കണ്ട പലരും ആശങ്കപ്പെടുന്നത്.
എന്നാല്‍ സ്കൂള്‍ ഗേറ്റിനടുത്തുള്ള പൊട്ടിയ ടൈലിലെ ഒരു കഴിയില്‍ തന്റെ കാൽ കുടുങ്ങി എന്ന് വനിതാ അധ്യാപിക വിശദീകരിച്ചു. കുട്ടികൾ അവളെ കസേരയിൽ ഇരിക്കാൻ സഹായിച്ചുവെന്നും ഇതിനിടെ ഒരു കുട്ടി സ്നേഹപൂർവ്വം അവളുടെ കാൽ അമർത്തി വേദന കുറയ്ക്കാൻ ശ്രമിച്ചാതാണെന്നുമാണ് ടീച്ചര്‍ പറയുന്നു.
സ്കൂൾ കെട്ടിടത്തിന്റെ പകുതി ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ബാക്കിയുള്ള ഭാഗത്ത് മഴക്കാലത്ത് വെള്ളം ചോരുന്നു, ഫാനുകൾ കേടാണ്, ടോയ്‌ലറ്റുകളുടെ അവസ്ഥ വളരെ മോശമാണ്, അവ ഉപയോഗിക്കാൻ കഴിയില്ല. ജലവിതരണ സംവിധാനമില്ല. ചുറ്റും ഉയരമുള്ള പുല്ലും, പാമ്പുകളുടെ ഭീഷണിയും കാരണം പെൺകുട്ടികൾ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം ചെയ്യാൻ നിർബന്ധിതരാകുന്നു.




