വിവാഹം കഴിഞ്ഞ് സല്‍ക്കാരത്തിനെത്തിയപ്പോള്‍ കല്യാണപ്പെണ്ണിനെ കാമുകന്‍ തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന സംഭവത്തില്‍ സിനിമയെ വെല്ലുന്ന സംഭവം നടന്നത് ടിടി നഗറിലായിരുന്നു. ആദ്യം തട്ടിക്കൊണ്ടു പോകലെന്ന് സംശയം ഉയര്‍ന്ന സംഭവത്തില്‍ വധു കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
വിവാഹ സല്‍ക്കാര ദിനത്തില്‍ നടന്ന സംഭവത്തില്‍ വരനും കുടുംബവും പോലീസിനെ സമീപിക്കുകയും പ്രതിക്കെതിരെ ഔപചാരികമായി പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദിഷ ജില്ലയിലെ ഗഞ്ച്ബസോദയില്‍ നിന്നുള്ള റോഷ്‌നി സോളങ്കിയാണ് കാമുകനൊപ്പം പോയത്. ഇവരെ വിവാഹം കഴിച്ചത് ആശിഷ് രജക് എന്ന യുവാവായിരുന്നു.
ആശിഷും റോഷ്‌നിയും തമ്മിലുള്ള വിവാഹം ഗഞ്ച്ബസോദയില്‍ വെച്ച് നടന്നു. ബുധനാഴ്ച ഗഞ്ച്ബസോദയില്‍ നിന്ന് മടങ്ങിയെത്തിയ നവദമ്പതികള്‍ വിവാഹസല്‍ക്കാരം നടത്താന്‍ നിശ്ചയിച്ചിരുന്നു. റിസപ്ഷന്‍ ദിവസം ആശിഷും റോഷ്‌നിയും അടുത്തുള്ള ബ്യൂട്ടിപാര്‍ലറില്‍ പോയിരുന്നു അവിടെ നിന്നും നേരെ കല്യാണ മണ്ഡപത്തിലേക്ക് പോകുകയായിരുന്നു. കാറില്‍ സ്വീകരണ വേദിയില്‍ എത്തിയ ശേഷം ആശിഷ് ഒരു വശത്തുനിന്നും റോഷ്‌നിയും ആശിഷിന്റെ സഹോദരിയും മറുവശത്തുനിന്നും ഇറങ്ങി.
അപ്പോഴാണ് ഒരു കാര്‍ ആശിഷിന്റെ കാറിന് സമീപം നിര്‍ത്തിയത്. മറ്റൊരു കാറില്‍ നിന്ന് ഒരു യുവാവ് ഇറങ്ങി ആശിഷിന്റെ സഹോദരിയെ തള്ളിമാറ്റി വധു റോഷ്‌നിയെ കാറിലേക്ക് വലിച്ചുകയറ്റി അവിടെ നിന്നും പെട്ടെന്ന് രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോകല്‍ എന്ന് തോന്നിയെങ്കിലും കുറച്ച് കഴിഞ്ഞപ്പോള്‍ കാമുകന്‍ അങ്കിത്തിനൊപ്പം റോഷ്‌നി ഒളിച്ചോടിയെന്ന് വ്യക്തമായി.
ഗഞ്ച്ബസോദ സ്വദേശിയായ അങ്കിത് എന്ന ആണ്‍കുട്ടിയുമായി റോഷ്‌നിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയബന്ധം ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും പോലീസ് പറഞ്ഞു. ഇതിനിടെ ഭോപ്പാല്‍ സ്വദേശിയായ ആശിഷുമായി റോഷ്‌നിയുടെ വിവാഹം നിശ്ചയിച്ചു. ചൊവ്വാഴ്ചയാണ് വിവാഹം നടന്നതെങ്കിലും ബുധനാഴ്ച, അവസരം മുതലെടുത്ത റോഷ്‌നി കാമുകന്‍ അങ്കിത്തിനൊപ്പം ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. സംഭവത്തിന് ശേഷം വരന്റെ ഭാഗത്തുള്ളവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
വിവാഹ ഘോഷയാത്രയുമായി ഗഞ്ച്ബസോദയിലേക്ക് പോയപ്പോള്‍ വധുവിനെ തിരികെ കൊണ്ടുവരാനിരുന്ന കാര്‍ ആരോ പഞ്ചര്‍ ചെയ്തതായി പരാതിയില്‍ ആശിഷ് ആരോപിച്ചു. ഇതേതുടര്‍ന്ന് ആശിഷ് റോഷ്‌നിയെ തിരികെ കല്യാണ ഘോഷയാത്ര ബസില്‍ കയറ്റി. ഒളിവിലുള്ള റോഷ്‌നിയെയും അങ്കിതിനെയും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.