Lifestyle

വണ്ണം കുറയ്ക്കണോ? പാനീയ ഉപവാസം പരീക്ഷിച്ചു നോക്കൂ !

അമിത വണ്ണമുള്ളവര്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്നതില്‍ സംശയമില്ല. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെവരുന്നതിനാല്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, വന്ധ്യത, ഉറക്ക പ്രശ്‌നങ്ങള്‍, കാന്‍സര്‍ തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ക്കുവരെ കാരണമാകുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നതോ അല്ലെങ്കില്‍ ദിവസം ഒരു നേരത്തെ ആഹാരം പഴവര്‍ഗങ്ങള്‍ മാത്രമാക്കിയോ പൊണ്ണത്തടി പിടികൂടാതെ രക്ഷപ്പെടാവുന്നതാണ്. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്ക് വണ്ണം കുറച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയില്ല. അവര്‍ക്ക് ഉത്തമം പാനീയ ഉപവാസമാണ്. പൂര്‍ണ ഉപവാസത്തേക്കാള്‍ എളുപ്പമാണ് പാനീയ ഉപവാസം.

പാനീയ ഉപവാസം

വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസരീതിയാണിത്. പാനീയങ്ങളിലൂടെ വിശപ്പ് നിയന്ത്രിക്കപ്പെടുന്നു. അഞ്ചു ദിവസമായുള്ള പാനീയ ഉപവാസം ഇടവിട്ട് എടുക്കണം. തേന്‍ വെള്ളം, പുളിയുള്ള പഴച്ചാറുകള്‍, കുമ്പളങ്ങാനീര്, കാരറ്റ് അല്ലെങ്കില്‍ ബീറ്റ്‌റൂട്ട്‌നീര്, നാരങ്ങാ വെള്ളം എന്നിവ മാത്രം കുടിക്കുക. പാനീയ ഉപവാസം ഇല്ലാത്ത ദിവസങ്ങളില്‍ സാത്വിക ഭക്ഷണം കഴിക്കാം. താ​ഴെ പറയുന്ന രീതിയില വേണം ഭക്ഷണരീതി ക്രമീകരിക്കാന്‍.

  • വറുത്ത സാധനങ്ങള്‍, പഞ്ചസാര, ബേക്കറി പലഹാരങ്ങള്‍, പാല്‍, മാംസം, കൃത്രിമ ഭക്ഷ്യ വസ്തുക്കള്‍, ടിന്‍ ഫുഡുകള്‍ എന്നിവ കര്‍ശനമായി ഉപേക്ഷിക്കണം.
  • കശുവണ്ടി, ബദാം എന്നിങ്ങനെ ഈര്‍ജ്ജം കൂടുതലുള്ളവ ഒഴിവാക്കുക.
  • ടി.വി കാണുമ്പോഴും പത്രം വായിക്കുമ്പോഴും കൊറിക്കുന്ന സ്വഭാവം വര്‍ജിക്കണം.
  • വിശപ്പ് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കക്കരിക്ക-വെള്ളരിക്ക അരിഞ്ഞ് കഷണങ്ങളായി കഴിക്കാം.
  • കോളയും പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഉപേക്ഷിക്കുക.
  • രാവിലെ ബെഡ് കോഫി ഒഴിവാക്കി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കാം. അല്ലെങ്കില്‍ അര ഗ്ലാസ് കുമ്പളങ്ങാനീര് സമം വെള്ളം ചേര്‍ത്തു കഴിക്കാം.
    ഏതെങ്കിലും കാരണത്താല്‍ പാനീയ ഉപവാസത്തിന് ബുദ്ധിമുട്ടുള്ളവര്‍ രാവിലെ പഴങ്ങളും വൈകിട്ട് പച്ചക്കറി സാലഡും മാത്രമാക്കുക. ഉച്ചയ്ക്ക് മൂന്നില്‍ ഒരുഭാഗം ചോറും ബാക്കി പച്ചക്കറികളും എന്ന രീതിയിലും ഭക്ഷണക്രമീകരണം നടത്താവുന്നതാണ്.

വ്യായാമവും ശീലമാക്കുക

വ്യായാമം ഒഴിവാക്കികൊണ്ടൊരു വണ്ണം കുറയ്ക്കല്‍ രീതിയില്ല. അതിനാല്‍ അമിതവണ്ണക്കാര്‍ നിത്യവും ഒരു മണിക്കൂര്‍ വേഗത്തില്‍ നടക്കുക. ആദ്യത്തെയും അവസാനത്തെയും പത്തു മിനിട്ട് ശരാശരി വേഗത്തില്‍ നടന്നാല്‍ മതിയാവും. ദിവസവും രണ്ടു നേരം നെഞ്ചും പുറവും അഞ്ചു മിനിട്ട് തടവുന്നതും ഗുണകരമാണ്. വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ സൂര്യനമസ്‌കാരം പ്രാണായാമം പോലുള്ള യോഗാ മുറകള്‍ ശീലിക്കുന്നതും ഗുണകരമാണ്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ വിദഗ്ധ ഉപദേശം തേടിയശേഷമേ വ്യായാമത്തിലേര്‍പ്പെടാവൂ.