Fitness

രാവിലെ മുതല്‍ വൈകുംവരെ ഒരേയിരുപ്പില്‍ ജോലി; ടെന്‍ഷന്‍ കുറയ്‌ക്കാന്‍ ഓഫീസ്‌ വ്യായാമങ്ങള്‍

കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ്‌ നിര്‍ദേശിക്കുന്നത്‌.

ശരീരം അനങ്ങിയുള്ള ജോലികള്‍ കുറഞ്ഞതോടെയാണ്‌ ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കാന്‍ തുടങ്ങിയത്‌. രാവിലെ മുതല്‍ വൈകും വരെ ഒരേയിരുപ്പില്‍ ജോലി. ഇതിലൂടെ വ്യായാമം ലഭിക്കുന്നത്‌ പലപ്പോഴും വിരല്‍ത്തുമ്പുകള്‍ക്ക്‌ മാത്രമായിരിക്കും. ഇതോടെ ശരീരത്തിന്‌ ആവശ്യത്തിന്‌
വ്യായാമം ലഭിക്കുന്നില്ല.

അധികം സമയം ഇരുന്ന്‌ ജോലിചെയ്യുന്നവര്‍ക്കും കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ്‌ നിര്‍ദേശിക്കുന്നത്‌. ടെന്‍ഷനും സമ്മര്‍ദവും കുറയ്‌ക്കുന്നതിനും ഈ വ്യായാമങ്ങള്‍ സഹായകരമാണ്‌.

ചുമലുകള്‍

കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ ചുമലുകള്‍ ഇടയ്‌ക്ക് മുന്നോട്ടും പുറകോട്ടും 10 തവണ ചലിപ്പിക്കുക. മസിലുകള്‍ക്ക്‌ അയവ്‌ കിട്ടാനും ടെന്‍ഷന്‍ കുറയ്‌ക്കാനും ഈ ലഘു വ്യായാമം സഹായിക്കും.

ചുമല്‍ ഉയര്‍ത്തിപിടിച്ച്‌ ശ്വാസം ഉള്ളിലേക്ക്‌ വലിക്കുക. 30 സെക്കന്റ്‌ ശ്വാസം ഉള്ളില്‍ നിര്‍ത്തിയശേഷം ചുമലുകള്‍ അയച്ച്‌ സാവധാനം ശ്വാസംപുറത്തേക്കു വിടുക. ജോലിയുടെ ഇടവേളകളില്‍ പത്ത്‌ തവണവരെ ഇത്‌ ചെയ്യുക.

കഴുത്ത്‌

കഴുത്ത്‌ പരമാവധി മുന്നിലേക്കും പുറകിലേക്കും വശങ്ങളിലേക്കും തിരിക്കുക. ഈ വ്യായാമം അധിക സമയം ഇരുന്ന്‌ ജോലി ചെയ്യുന്നതുമൂലം കഴുത്തിനും ചുമലുകള്‍ക്കും ഉണ്ടാകുന്ന സ്‌ട്രെയിന്‍ കുറയ്‌ക്കുന്നു. മനസ്‌ ശാന്തമാക്കുന്നു.

നെഞ്ച്‌

കൈകള്‍ നീട്ടിപിടിക്കുക. കഴുത്തുനേരെവച്ച്‌ ഇടതു വലത്ത്‌ കൈവിരലുകള്‍ അതേ വശത്തേക്ക്‌ മടക്കി തോളില്‍ തൊടുക. ഓരോ മണിക്കൂര്‍ കൂടുമ്പോഴും ഈ വ്യായാമം ചെയ്യുന്നത്‌ നല്ലതാണ്‌. കൂടുതല്‍ സമയം ഇരിക്കുന്നതുമൂലം ഉണ്ടാകുന്ന ക്ഷീണം കുറയ്‌ക്കും.

വയറ്‌

വയറ്‌ ഉള്ളിലേക്ക്‌ വരത്തക്ക രീതിയില്‍ ശ്വാസം എടുക്കുക. ഏതാനും മിനിറ്റുകള്‍ ശ്വാസം ഉള്ളില്‍ നിര്‍ത്തിയശേഷം സാവധാനം പുറത്തേക്കു വിടുക. ദിവസവും ഇടയ്‌ക്കിടെ ഇങ്ങനെ ചെയ്യുന്നത്‌ വയര്‍ ചാടുന്നത്‌ കുറയാന്‍ സഹായിക്കും.

കൈകള്‍

വെള്ളം നിറച്ച ഒരു കുപ്പി തലയ്‌ക്ക് മുകളിലായി ഉയര്‍ത്തി പിടിക്കുക. 30 സെക്കന്റ്‌ ഈ നില തുടരുക. ശേഷം കൈകള്‍ താഴ്‌ത്തുക. ഇരു കൈകളും മാറി മാറി ഈ വ്യായാമം ചെയ്യണം. കൈയിലെ പേശികളുടെ ആരോഗ്യത്തിന്‌ ഈ വ്യായാമം ഫലപ്രദമാണ്‌. കൈകള്‍ ക്ലോക്ക്‌ വൈസായും ആന്റി ക്ലോക്ക്‌ വൈസായും 10 തവണവീതം കറക്കുക.

കൈക്കുഴ

കമ്പ്യൂട്ടറിലും മറ്റും അധിക സമയമിരുന്ന്‌ ടൈപ്പ്‌ ചെയ്യുമ്പോള്‍ കൈക്കുഴക്ക്‌ ഉണ്ടാകാവുന്ന കാര്‍പല്‍ ടൂണല്‍ സിന്‍ഡ്രോം പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കാന്‍ ക്ലോക്ക്‌ വൈസായും ആന്റി ക്ലോക്ക്‌ വൈസായും കൈക്കുഴ 10 തവണവീതം കറക്കുക. ഒരു ടെന്നീസ്‌ബോള്‍ കൈകള്‍കൊണ്ട്‌ മുന്‍പിലേക്കും പുറകിലേക്കും ചലിപ്പിക്കുക. ദിവസവും ഇടയ്‌ക്കിടയ്‌ക്ക് ഇങ്ങനെ ചെയ്യുന്നത്‌ കൈക്കുഴയ്‌ക്ക് നല്ലതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *