Oddly News

ഇന്റര്‍വ്യൂവില്‍ ഇന്ത്യൻ പതാക വരയ്ക്കാൻ ആവശ്യപ്പെട്ടു: അഭിമുഖത്തിൽ നിന്ന് പിൻവാങ്ങി യുവതി, കാരണമറിയേണ്ടേ?

ബംഗളുരു: തൊഴില്‍ മേഖലകളിലെ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുവഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പത്തുവർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു ഫ്രണ്ട്എൻഡ് ഡെവലപ്പർ അടുത്തിടെ ഒരു ചെറിയ കമ്പനിയില്‍ ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തിൽ തനിക്ക് നേരിട്ട തീർത്തും നിരാശാജനകമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

പ്രസക്തവും വെല്ലുവിളി നിറഞ്ഞതുമായ ചോദ്യങ്ങളാണ് ഈ ഡെവലപ്പർ തന്റെ അഭിമുഖത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഭിമുഖം നടത്തുന്നയാൾ ഏതാണ്ട് പൂർണ്ണമായും അടിസ്ഥാന സിഎസ്എസ് (Cascading Style Sheets) ആശയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്.

സിഎസ്എസ് ഉപയോഗിച്ച് ഇന്ത്യൻ പതാക വരയ്ക്കാനാണ് അഭിമുഖം നടത്തിയയാള്‍ അവളോട് ആവശ്യപ്പെട്ടത്. അഭ്യർത്ഥനയിൽ ആശയക്കുഴപ്പമുണ്ടായെങ്കിലും ഡെവലപ്പർ പതാക വരച്ചു പൂർത്തിയാക്കി. എന്നാൽ അയാൾ അവളോട് അശോകചക്രം ചേർക്കാൻ ആവശ്യപ്പെട്ടു. അവള്‍ ഒട്ടും മടിക്കാതെ അശോകചക്രം ചേർത്തു. അവിടംകൊണ്ടും തീർന്നില്ല അവസാനം, അശോകചക്രത്തിനുള്ളിലെ സ്പൈക്കുകൾ വരയ്ക്കാൻ അയാൾ അവളോട് ആവശ്യപ്പെട്ടു. എന്നാൽ ഈ അവസാന അഭ്യർത്ഥന ഇത്തരം ടാസ്ക്കുകളുടെ പ്രസക്തിയെ ചോദ്യം ചെയ്യാൻ ഡെവലപ്പറെ പ്രേരിപ്പിച്ചു.

അവൾ ഇതിനെക്കുറിച്ചു തിരിച്ചു ഓരോ കാര്യങ്ങൾ ചോദിച്ചുതുടങ്ങി. എന്നാൽ അപ്പോഴെല്ലാം , ഡെവലപ്പറുടെ സിഎസ് എസ് പരിജ്ഞാനം പരിശോധിക്കാൻ വേണ്ടി ചെയ്തതാണ് എന്നാണ് അഭിമുഖം നടത്തുന്ന ആൾ മറുപടി നൽകിയത്. എന്നാൽ , ഇത്തരം ചോദ്യങ്ങൾ കാലഹരണപ്പെട്ടതാണെന്നും കോളേജ് പരീക്ഷകൾക്കാണ് കൂടുതൽ അനുയോജ്യവുമെന്ന് ഡെവലപ്പർക്ക് തോന്നി. 10 വർഷത്തെ അനുഭവപരിചയമുള്ളതുകൊണ്ടുതന്നെ കൂടുതൽ വിപുലമായതും പ്രായോഗികവുമായ ചോദ്യങ്ങളാണ് ഡെവലപ്പർ പ്രതീക്ഷിച്ചിരുന്നത്.

യഥാർത്ഥ ലോക സാഹചര്യങ്ങൾ, പ്രശ്‌നപരിഹാരം, ആധുനിക ഫ്രണ്ട്എൻഡ് ഡെവലപ്‌മെൻ്റ് ടെക്‌നിക്കുകൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കുമെന്നാണ് ഡെവലപ്പർ കരുതയത്.

എന്നാൽ തന്റെ കഴിവുകൾ ഉചിതമായി വിലയിരുത്തപ്പെടുന്നില്ലെന്ന് തോന്നിയതോടെ ഡെവലപ്പർ അഭിമുഖം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇന്റർവ്യൂ ചെയ്യുന്നവരുടെ ചോദ്യം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡെവലപ്പർ പിന്നീട് പങ്കുവെച്ചു . “നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? അഭിമുഖം നടത്തുന്നവർക്ക് അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും കഴിവുകളും അനുഭവവും അടിസ്ഥാനമാക്കി പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാനുമുള്ള സമയമാണിതെന്ന് നിങ്ങൾ കരുതുന്നില്ലേ?” അവൾ റെഡിറ്റ് ഉപഭോക്താക്കളോട് ചോദിച്ചു.

പോസ്റ്റ്‌ വൈറലായതോടെ നിരവധി ആളുകൾ കമന്റ്സുമായി രംഗത്തെത്തി.