ബെംഗളൂരു: ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന് ആരോപിച്ച് രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ. ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഭാര്യ തന്നെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ച് ഭര്‍ത്താവ് ബംഗളുരു പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഗോവിന്ദരാജനഗര്‍ സ്വദേശിയായ 35 വയസ്സുകാരന്‍ മെയ് 5 നാണ് വിവാഹിതനായത്.
വിവാഹശേഷം ഇരുവരും ബെംഗളൂരുവിലെ സപ്തഗിരി പാലസിലാണ് താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തതിനാല്‍ ഭാര്യക്ക് ഇദ്ദേഹത്തിന് ലൈംഗിക ശേഷിയില്ലെന്ന് സംശയം തോന്നി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്താന്‍ നിര്‍ബന്ധിച്ചതായി 35 കാരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തനിക്ക് ലൈംഗിക ശേഷിയുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായും, മാനസിക സമ്മര്‍ദ്ദം കാരണമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മടി കാണിക്കുന്നതെന്നും ഡോക്ടര്‍മാര്‍ തന്നോടു പറഞ്ഞുവെന്നും ഇയാള്‍ പറയുന്നു. എന്നാല്‍, ദാമ്പത്യ കടമകള്‍ നിറവേറ്റുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് 29 കാരിയായ ഭാര്യ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
ആഗസ്റ്റ് 17 ന് ഭാര്യയും ബന്ധുക്കളും ഗോവിന്ദരാജനഗറിലെ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി തന്നെയും കുടുംബാംഗങ്ങളെയും മര്‍ദിച്ചതായും യുവാവ് പരാതിയില്‍ ആരോപിച്ചു. മര്‍ദ്ദനത്തിന് ശേഷം ഇയാള്‍ പോലീസിനെ സമീപിച്ചു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോവിന്ദരാജനഗര്‍ പോലീസ് സ്റ്റേഷന്‍ സ്ത്രീക്കും ബന്ധുക്കള്‍ക്കുമെതിരെ മര്‍ദ്ദനത്തിനും പീഡനത്തിനും കേസെടുത്തു.




