ബെംഗളൂരുവിലെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് മുന്നിൽ കഴിഞ്ഞ 15 വർഷമായി ദോശ-ഇഡലി മാവ് വിൽക്കുന്ന രാജു എന്ന വ്യക്തിയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻവെസ്റ്ററായ സന്ദീപ് രവില്ലു തന്റെ X (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ കുറിപ്പ് നിശ്ചയദാർഢ്യത്തിന്റെയും സമർപ്പണത്തിന്റെയും നേർചിത്രമാണ്.
കഴിഞ്ഞ 15 വർഷമായി രവില്ലു സ്ഥിരമായി രാജുവിന്റെ കടയിൽ നിന്നും ദോശ – ഇഡലി മാവ് വാങ്ങുന്ന ഒരാളാണ്. പോസ്റ്റിൽ പറയുന്നതനുസരിച്ച്, ‘രാജുവിന്റെ ഒരു ദിവസം അതിരാവിലെ തന്നെ ആരംഭിക്കും. രാവിലെ 6 മുതൽ 10 വരെ അദ്ദേഹം ഗാർഡന്റെ അടുത്ത് ദോശ-ഇഡലി മാവ് വിൽക്കും. അതിനുശേഷം, അദ്ദേഹം തന്റെ രണ്ടാമത്തെ ജോലിക്ക് പോകുന്നു, അവിടെ അദ്ദേഹം ദിവസം മുഴുവനും ജോലി ചെയ്യുന്നു. അവിടെ മുഴുവൻ സമയ ജീവനക്കാരനാണ് രാജു. രാജു രാവിലെ 6 മുതൽ 10 വരെ മാവ് വിൽക്കുന്നു, തുടർന്ന് ബാക്കി സമയം ജോലിക്ക് പോകുന്നു. രണ്ട് ജോലികൾ. പരാതികളൊന്നുമില്ല’ എന്നാണ് ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
ഇങ്ങനെ കഠിനാധ്വാനം ചെയ്താണ് രാജു തന്റെ മകളെ പഠിപ്പിച്ചത് എന്നും രവില്ലു പറയുന്നു. ബിരുദാനന്തരബിരുദം കഴിഞ്ഞ അവൾ ഇപ്പോൾ ഒരു മൾട്ടി നാഷണൽ ബയോടെക് കമ്പനിയിൽ ജോലി ചെയ്യുകയാണ് എന്നും പോസ്റ്റിൽ കാണാം.
സോഷ്യൽ മീഡിയയുടെ കയ്യടി
രാജുവിന്റെ ചിത്രത്തോടൊപ്പം പങ്കുവെച്ച ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. “യഥാർത്ഥ പ്രചോദനം” എന്നാണ് പലരും രാജുവിനെ വിശേഷിപ്പിച്ചത്. കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും മറികടക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായി രാജുവിന്റെ ജീവിതം മാറിക്കഴിഞ്ഞു.




