Lifestyle

വീണ്ടും വിവാഹിതനായി നടനും BJP MLA-യുമായ ഹിരൺ ചാറ്റർജി; പിന്നാലെ ഭാര്യമാർ തമ്മിൽ വാക്‌പോര്

ബംഗാളി നടനും ബിജെപി എംഎൽഎയുമായ ഹിരൺ ചാറ്റർജി രണ്ടാമതും വിവാഹിതനായി. മോഡലായ റിതികാ ഗിരിയെയാണ് ഇയാൾ വിവാഹം ചെയ്തത്. പിന്നാലെ താനും ഹിരൺ ചാറ്റർജിയും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട് ആദ്യഭാര്യ അനിന്ദിതാ ചാറ്റർജി രംഗത്തെത്തി. ഇതിന് മറുപടിയായി നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് റിതികാ ഗിരിയും മുന്നോട്ടുവന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമബംഗാളിൽ ഇരുവരുടേയും വാക്‌പോര് ഇതോടെ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ ഹിരൺ ചാറ്റർജി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിന്നീട് ഈ ചിത്രങ്ങൾ അദ്ദേഹം നീക്കം ചെയ്തു. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് രണ്ടാം വിവാഹത്തിനെതിരെ ആദ്യഭാര്യ അനിന്ദിത രംഗത്തെത്തിയത്. 2000 ഡിസംബർ 11-നാണ് താനും ഹിരണും തമ്മിലുള്ള വിവാഹം നടന്നതെന്നും 2021-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിരൺ വിജയിച്ചതിന്‌ശേഷമാണ് തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങിയതെന്നും അവർ പറഞ്ഞു.

തിരഞ്ഞെടുപ്പ് ജയിച്ച് ഒരുവർഷത്തിനകം തന്നെ ഹിരണും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താനറിഞ്ഞുവെന്ന് അനിന്ദിത പറയുന്നു. ആദ്യം അവഗണിച്ചെങ്കിലും പിന്നീട് ഇത് ഗൗരവതരമായി തോന്നി. ഈ ബന്ധം തന്നെ വല്ലാതെ വേദനിപ്പിച്ചു. തങ്ങളുടെ മകളേക്കാൾ രണ്ട് വയസ് മാത്രം കൂടുതൽ പ്രായമുള്ള യുവതിയുമായായിരുന്നു ഹിരണിന് ബന്ധമുണ്ടായിരുന്നത് എന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരമൊരു ബന്ധം തനിക്ക് അംഗീകരിക്കാൻ പറ്റില്ലെന്നും തന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഇതെന്നും വ്യക്തമാക്കിയ അനിന്ദിത, 2022 മുതൽ ഹിരണുമായി വേർപിരിഞ്ഞാണ് താൻ ജീവിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

തന്റെ പ്രായത്തെ കുറിച്ച് പ്രചരിക്കുന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നാണ് ഇതിന് മറുപടിയായി റിതിക പറഞ്ഞത്. അനിന്ദിതയ്ക്ക് വിവാഹമോചനത്തിനുള്ള നോട്ടീസ് നേരത്തേ തന്നെ അയച്ചിട്ടുണ്ടെന്നും അവർ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പറഞ്ഞു. താനും ഹിരണും കഴിഞ്ഞ അഞ്ചുവർഷമായി ഒന്നിച്ചാണ്. ഇക്കാര്യം അനിന്ദിതയ്ക്ക് അറിയാം. തന്റെ അക്കൗണ്ടുകളെല്ലാം എല്ലാവർക്കും കാണാവുന്നതാണ്. ഒന്നും ഒളിപ്പിച്ചുവെച്ചിട്ടില്ല. എതിർപ്പുകളുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തേ ഉന്നയിച്ചില്ല എന്നും റിതിക ചോദിച്ചു.

താനും ഹിരൺ ചാറ്റർജിയും നേരത്തേ തന്നെ വിവാഹം ചെയ്തതാണെന്നും റിതിക വെളിപ്പെടുത്തി. മാനസിക സംതൃപ്തിക്ക് വേണ്ടിയാണ് അഗ്നിസാക്ഷിയായി വാരാണസിയിൽ ഗംഗാമാതാവിന്റെ മുന്നിൽ വെച്ച് ഇപ്പോൾ വീണ്ടും വിവാഹം നടത്തിയത്. അത് ആഢംബരം നിറഞ്ഞ വിവാഹമോ ആളുകളെ കാണിക്കാനുള്ളതോ ആയിരുന്നില്ല. വിവാഹം നിയമപരമാണോ എന്ന കാര്യത്തിൽ സംശയമുള്ളവർ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് തന്റെ അഭ്യർഥനയെന്നും റിതിക കുറിച്ചു.