കൃഷ്‌ണഗഞ്ച്: ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിച്ച മകളെ മരിച്ചതായി പ്രഖ്യാപിച്ച് ശ്രാദ്ധം അടക്കം അന്ത്യച്ചടങ്ങുകള്‍ നടത്തി കുടുംബം. പ്രതീകാത്മക ഹിന്ദു ശ്രാദ്ധച്ചടങ്ങിലേക്ക് അയല്‍ക്കാരെയും ബന്ധുക്കളെയും ക്ഷണിച്ച് സദ്യയും നല്‍കി. കൃഷ്‌ണഗഞ്ചിലെ ഖതുര ഉത്തര്‍പാറ പ്രദേശത്തുള്ള കുടുംബം മകള്‍ക്ക് വരനെ തെരഞ്ഞെടുക്കാനുള്ള ആലോചനകള്‍ ആരംഭിച്ചിരുന്നു.
കൃഷ്‌ണഗഞ്ച് സുധീര്‍ രഞ്‌ജന്‍ ലാഹിരി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ യുവതി കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കുകയായിരുന്നു. മുമ്പ് യുവാവിനൊപ്പം വീടുവിട്ട യുവതിയെ വീട്ടുകാര്‍ തിരികെ കൊണ്ടുവന്നിരുന്നു. ഇസ്രയേലില്‍ ജോലി ചെയ്യുന്ന യുവതിയുടെ പിതാവ് മകളുടെ നടപടിയെ എതിര്‍ക്കുകയും പുറത്താക്കുകയുമായിരുന്നു. പിതാവിന്റെ നിര്‍ദേശപ്രകാരം കുടുംബം അവരുടെ വസ്‌ത്രങ്ങള്‍, പുസ്‌തകങ്ങള്‍, രേഖകള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങളും കത്തിച്ചു.
വിവാഹത്തിന് പന്ത്രണ്ട് ദിവസങ്ങള്‍ക്കുശേഷം അവര്‍ ശ്രാദ്ധ ചടങ്ങുകള്‍ നടത്തി. ഇതിന്റെ ഭാഗമായി പുരുഷന്മാരും ബന്ധുക്കളും തല മുണ്ഡനം ചെയ്യുകയും അതിഥികള്‍ക്ക് അന്നദാനം നടത്തുകയും ചെയ്‌തു.
‘അവള്‍ കുടുംബത്തെ അപമാനിച്ചു. ഞങ്ങള്‍ക്ക് മറ്റു മാര്‍ഗമില്ലായിരുന്നു. അതിനാല്‍, ഞങ്ങളുടെ പാരമ്പര്യം പാലിച്ച് അവളെ മരിച്ചതായി കണക്കാക്കുന്നു.
ഒരിക്കല്‍ അവളെ തിരികെ കൊണ്ടുവന്നിട്ടും അവള്‍ വീണ്ടും ഓടിപ്പോയത് കുടുംബത്തിന് ക്ഷമിക്കാന്‍ കഴിയില്ല’- അമ്മാവന്‍ പറഞ്ഞു. ഈ സംഭവത്തില്‍ നാട്ടുകാര്‍ ഞെട്ടലിലാണ്. പോലീസ് കേസ് എടുത്തിട്ടില്ല.




