Lifestyle

ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍, താജ് ഹോട്ടല്‍ പോലെ വിവാഹവേദി ; ബംഗാളിലെ അംബാനി സ്‌റ്റൈല്‍ വിവാഹം

പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നുള്ള ഒരു വ്യവസായി തന്റെ മകള്‍ക്കായി കോടികള്‍ മുടക്കി നടത്തിയ ഒരു വിവാഹം വന്‍ വിവാദമാകുന്നു. ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍ ചടങ്ങില്‍ പങ്കെടുത്ത വിവാഹം കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് വിവരം.

ചടങ്ങിന്റെ പണം മുടക്കും അതിന്റെ ഉറവിടത്തെയും ചൊല്ലി വലിയൊരു രാഷ്ട്രീയ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2022ല്‍ പശുക്കടത്ത് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബിര്‍ഭം തലവന്‍ അനുബ്രത മൊണ്ടലിന്റെ അടുത്ത സഹായിയാണ് തുളു മണ്ഡല്‍ എന്ന വ്യവസായി. തുളു മണ്ഡല്‍ ഒരു കല്ല് വ്യാപാരിയാണ്, പശുക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

2022 ഓഗസ്റ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തി, ആ വര്‍ഷം അവസാനം ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഡിസംബര്‍ 28 ന് ബിര്‍ഭൂമിലെ സൂരി നഗരത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്, ഉദയ്പൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് ലേക്ക് പാലസിന്റെ പകര്‍പ്പായിരുന്നു വേദി.

ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാന്‍, നടന്‍ സറീന്‍ ഖാന്‍, ഗായിക മൊണാലി താക്കൂര്‍ എന്നിവരും ബംഗാളി സിനിമാതാരങ്ങളായ അങ്കുഷ് ഹസ്ര, സുമിത് ഗാംഗുലി, ദര്‍ശന ബാനിക് എന്നിവരും ഉള്‍പ്പെടെയുള്ള ഉന്നത സെലിബ്രിറ്റികളും വിവാഹത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ മൊണാലി താക്കൂറും പാടി. പരിപാടിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘എനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഇത് ഒരു പ്രൊഫഷണല്‍ യാത്ര മാത്രമാണ്’ എന്നായിരുന്നു നടന്‍ അങ്കുഷ് ഹസ്ര പറഞ്ഞത്.

നഗരത്തിലെയും ജില്ലയിലെയും എല്ലാ ഹോട്ടലുകളും അതിഥികള്‍ക്കായി ബുക്ക് ചെയ്തു. എന്നാല്‍, തൃണമൂല്‍ നേതാവാണെന്ന് ആരോപിച്ച് ബി.ജെ.പിയും ഇടതുപക്ഷവും വ്യവസായിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്.