നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകളില്ലാത്ത ചര്‍മം എന്നിവയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പലരും പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. ഇത്തരം സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് എല്ലായ്പ്പോഴും പ്രകൃതി ദത്ത പരിഹാരങ്ങള്‍ തേടുന്നതാണ് കൂടുതല്‍ നല്ലത്. ഇവ യാതൊരു ദോഷങ്ങളുമുണ്ടാക്കില്ലെന്നു മാത്രമല്ല പ്രയോജനം നല്‍കുകയും ചെയ്യും. മേക്കപ്പിനു മുന്‍പായി മുഖചര്‍മം ഒരുക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചും അറിഞ്ഞിരിയ്ക്കണം. മേക്കപ്പ് ചര്‍മത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ദീര്‍ഘനേരം നിലനില്‍ക്കാനും ഐസ് വെള്ളത്തില്‍ മുഖം മുക്കിവയ്ക്കാം. ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.
- ചര്‍മ സുഷിരങ്ങളെ ബലപ്പെടുത്തുന്നു – ഐസ് വെള്ളത്തില്‍ മുഖം മുക്കിയാലുള്ള മറ്റൊരു ഗുണം ചര്‍മത്തിലെ സുഷിരങ്ങള്‍ക്ക് കൂടുതല്‍ മുറുക്കം ലഭിക്കും എന്നതാണ്. തണുപ്പ് സുഷിരങ്ങള്‍ ചുരുങ്ങാന്‍ ഇടയാക്കുകയും ചര്‍മം മിനുസപ്പെടുത്തുകയും ചെയ്യും. അഴുക്ക്, എണ്ണ, പൊടിപടലങ്ങള്‍ എന്നിവ ചര്‍മത്തില്‍ വന്നടിയുന്നത് വലിയതോതില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യതയും ഇത്തരത്തില്‍ കുറയുന്നതാണ്.
- മേക്കപ്പ് ദീര്‍ഘനേരം നിലനില്‍ക്കും – കഷ്ടപ്പെട്ട് അപ്ലൈ ചെയ്യുന്ന മേക്കപ്പ് ഏറെനേരം അതേപടി നിലനില്‍ക്കുക എന്നത് പ്രധാനമാണ്. ഐസ് വെള്ളത്തില്‍ മുഖം മുക്കിയ ശേഷം മേക്കപ്പിടുന്നത് മേക്കപ്പ് ചര്‍മത്തില്‍ ഏറെ നേരം നിലനില്‍ക്കുന്നതിന് സഹായകമാണ്. കൊറിയന്‍ ബ്യൂട്ടി ടിപ്‌സുകളില്‍ ഒന്നുകൂടിയാണ് ഇത്. മൂന്നോ നാലോ മിനിറ്റ് നേരം ഐസ് വെള്ളത്തില്‍ മുഖം മുക്കിയശേഷം മേക്കപ്പിട്ടാല്‍ മതിയാകും.
- സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു – ഐസ് വെള്ളത്തിന് ചര്‍മത്തിന്റെ ആഗിരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അതിനാല്‍ ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് ചര്‍മ സംരക്ഷണ ദിനചര്യയുടെ ഭാഗമാക്കുന്നത് ഏറെ ഗുണകരമാണ്. മുഖത്ത് പുരട്ടുന്ന സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളിലെ ഗുണങ്ങള്‍ കൂടുതലായി ചര്‍മത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത് സഹായിക്കും. ഐസ് വെള്ളത്തില്‍ മുഖം മുക്കിയ ശേഷം സെറം, മോയിസ്ചറൈസറുകള്‍, മാസ്‌കുകള്‍ എന്നിവ ഉപയോഗിക്കുന്നത് അവയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നു.
- പഫിനെസ്സും ചുവപ്പും കുറയ്ക്കും – ഐസ് വെള്ളത്തിലെ കുറഞ്ഞ താപനില സൂക്ഷ്മരക്തവാഹിനികള്‍ ചുരുങ്ങാന്‍ സഹായിക്കും. പഫിനെസ്സും ചുവപ്പും കുറച്ച് ചര്‍മത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഇത് സഹായകമാണ്. കണ്‍തടങ്ങളിലെ വീക്കം എടുത്തു കാട്ടാതിരിക്കാനും ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നതിലൂടെ സാധിക്കും. ചര്‍മത്തിന് നവോന്മേഷവും സ്വാഭാവികമായ തിളക്കവും നല്‍കാന്‍ ഈ പ്രക്രിയ ഏറെ പ്രധാനമാണെന്ന് ത്വക്ക് രോഗവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.
- വീക്കം കുറയ്ക്കുന്നു – അമിതമായ സൂര്യപ്രകാശം ഏല്‍ക്കുന്നതോ അല്ലെങ്കില്‍ അലര്‍ജി മൂലമോ പലപ്പോഴും മുഖചര്‍മത്തില്‍ ചുവപ്പ്, ചൊറിച്ചില്‍ എന്നിവ ഉണ്ടാകാറുണ്ട്. ഐസ് വെള്ളത്തില്‍ നിന്ന് ശക്തമായ തണുപ്പ് മുഖചര്‍മത്തിലേയ്ക്ക് എത്തുന്നതോടെ ഇത്തരത്തില്‍ വിവിധ ഘടകങ്ങള്‍ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ലഘൂകരിക്കപ്പെടും. ചുവപ്പും വീക്കവും വേഗത്തില്‍ മാറുകയും ചെയ്യും.