Sports

ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിയുടെ സാന്നിദ്ധ്യം സംശയത്തില്‍ ; താരത്തെ തഴഞ്ഞേക്കും

ജൂണില്‍ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024ല്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ നായനാകുമെന്ന് തന്നെയാണ് ബിസിസിഐ നല്‍കുന്ന സൂചന. എന്നാല്‍ ടീമിലെ സൂപ്പര്‍ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയുടെ സ്ഥാനത്തെകുറിച്ച് ഉറപ്പ് പറയാനാകില്ല. ബിസിസിഐ സെക്രട്ടറി ജയ് ഷാ രോഹിതിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാപ്റ്റനായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കോഹ്ലിയെക്കുറിച്ച്, ടി20യില്‍ മുന്‍ ക്യാപ്റ്റന്റെ പങ്ക് യഥാസമയം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

2022-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ തോറ്റതിന് ശേഷം ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ രോഹിതും കോഹ്ലിയും തീരുമാനിച്ചിരുന്നു. ടി20 ഐ ടീമിന്റെ ചുമതല ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നല്‍കിയിരുന്നെങ്കിലും ഏകദിന ലോകകപ്പില്‍ കണങ്കാലിന് പരിക്കേറ്റ് പുറത്തായതോടെ കാര്യങ്ങള്‍ പിന്നെയും മാറി.

രോഹിതിനും കോഹ്ലിക്കും ടി20 കളിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്നറിയാന്‍ ബിസിസിഐ ഉദ്യോഗസ്ഥരും സെലക്ടര്‍മാരും അവരുമായി ബന്ധപ്പെട്ടിരുന്നു. ഇരു താരങ്ങളും താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനെതിരായ ഹോം പരമ്പരയ്ക്കിടെ ഏകദേശം 15 മാസങ്ങള്‍ക്ക് ശേഷം ടി20യില്‍ രോഹിതിന്റെയും കോഹ്ലിയുടെയും തിരിച്ചുവരവ് ടീം കണ്ടു.

ഏകദിന ലോകകപ്പില്‍ ഉടനീളം ആക്രമണാത്മക ബാറ്റിംഗിലൂടെ രോഹിത് ഇന്ത്യയെ നയിച്ചപ്പോള്‍, ടി20യിലും അദ്ദേഹത്തിന് മികച്ച ഫോം പ്രകടിപ്പിക്കാന്‍ സാധിക്കുമെന്ന സൂചനയായിരുന്നു. അതേസമയം കോഹ്ലി ടീമിന്റെ തന്ത്രം അനുസരിച്ചായിരുന്നു കളിച്ചത്. ബാറ്റിംഗ് യൂണിറ്റിന്റെ ആങ്കറായിട്ടായിരുന്നു അദ്ദേഹത്തിന്റെ റോള്‍. ഏകദിനത്തില്‍ ആ സമീപനം ആവശ്യമാണെങ്കിലും ടി20യില്‍ അത്തരം ഒരാളുടെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്.

ടി20 യ്ക്ക് അനുസൃതമായി വേഗമേറിയ ബാറ്റിംഗുമായി ഇന്ത്യയ്ക്ക് അനേകം യുവാക്കള്‍ അടുത്തിടെ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കോ്ഹ്ലിയുടെ സ്ഥാനത്തേക്കുറിച്ച് സെലക്ടര്‍മാര്‍ക്ക് ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ദ ടെലഗ്രാഫിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍, ഐപിഎല്ലിലെ താരത്തിന്റെ പ്രകടനത്തെ ആശ്രയിച്ചാകും ടീമില്‍ സ്ഥാനം. ഇക്കാര്യം പറയാനായി ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെ തന്നെ നിയോഗിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.