Featured Spotlight

പറവൂരിൽ ‘മാസ്റ്റർ’ പ്ലാൻ; സതീശനെ നേരിടാൻ ടൈസൺ മാസ്റ്റർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിടാൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി ഇ.ടി ടൈസൺ മാസ്റ്റർ എത്തും. കയ്പ്പമംഗലത്ത് നിന്നുള്ള നിലവിലെ എം.എൽ.എയായ ടൈസൺ മാസ്റ്ററെ മത്സരിപ്പിക്കാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമായത്.

രണ്ട് തവണ കയ്പ്പമംഗലത്തെ പ്രതിനിധീകരിച്ച സാഹചര്യത്തിലാണ് ഇത്തവണ അദ്ദേഹത്തെ പറവൂരിലേക്ക് മാറ്റുന്നത്. സതീശനെതിരെ കരുത്തനായ ഒരു പോരാളിയെ തന്നെ സി.പി.എം-സി.പി.ഐ നേതൃത്വം ഇത്തവണ രംഗത്തിറക്കിയിരിക്കുകയാണ്.

ജില്ലാ നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഇ ടി ടൈസണിന്റെ പേര് ഉണ്ടായിരുന്നില്ല. എറണാകുളം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കമലാ സദാനന്ദന്‍, ജില്ലാ കൗണ്‍സില്‍ അംഗം കെ ബി അറുമുഖന്‍ എന്നിവരുടെ പേരുകളായിരുന്നു പട്ടികയില്‍ ഉണ്ടായികുന്നത്.

സാധ്യതാ പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനിടെ എഐവൈഎഫ് നേതാവ് ബിബിന്‍ ദിനകരനെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് ഇ ടി ടൈസണിലേക്ക് സിപിഐ എത്തിയത്. സതീശനെതിരെ ടൈസണിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ 25 വർഷമായി പറവൂരിനെ പ്രതിനിധീകരിക്കുന്ന വി.ഡി സതീശനെ അട്ടിമറിക്കാൻ ടൈസൺ മാസ്റ്ററുടെ ജനകീയ പ്രതിച്ഛായക്ക് കഴിയുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ സി.പി.ഐയിലെ എം.ടി നിക്സണെ തോൽപ്പിച്ചാണ് സതീശൻ അഞ്ചാം തവണയും സഭയിലെത്തിയത്.

2001 മുതൽ മണ്ഡലം കൈപ്പിടിയിലൊതുക്കിയിരിക്കുന്ന സതീശൻ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 21,301 വോട്ടുകളുടെ മികച്ച ഭൂരിപക്ഷമാണ് നേടിയത്. എന്നാൽ ഇത്തവണത്തെ ശക്തമായ പോരാട്ടം മണ്ഡലത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *