Celebrity

എ.ആര്‍. റഹ്മാന്‍ തനിക്ക് പിതാവിനെ പോലെയെന്ന് മോഹിനിഡേ; ‘അദ്ദേഹത്തിന് എന്റെ പ്രായത്തില്‍ ഒരു മകളുണ്ട്’

എആര്‍ റഹ്മാന്‍ തന്റെ പിതാവിനെപ്പോലെയാണെന്നും അദ്ദേഹത്തിന് തന്റെ പ്രായത്തില്‍ ഒരു മകളുമുണ്ടെന്ന് ബാസിസ്റ്റ് മോഹിനി ഡേ. എ.ആര്‍. റഹ്മാന്‍ ഭാര്യ സൈറ ബാനുവില്‍ നിന്ന് 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ആരാധകരെ ദുഃഖിതരാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാസിസ്റ്റായ മോഹിനി ഡേയും അടുത്ത ദിവസം തന്നെ ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍ട്ട്‌സച്ചിനെ വിവാഹമോചനം ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധമായി ട്രോളുകള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു.

ഇതോടെയാണ് മോഹിനി ഡേ തന്നെ രംഗത്ത് വന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് തന്നെ എ.ആര്‍. റഹ്മാനുമായി ബന്ധപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടത്. തനിക്ക് റോള്‍മോഡലും പിതാവിനെ പോലെയൊരു ആളുമാണ് എ.ആര്‍. റഹ്മാനെന്ന് മോഹിനി പറഞ്ഞു. തന്റെ അതേപ്രായത്തില്‍ എ.ആര്‍. റഹ്മാന് ഒരു മോളുണ്ടെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ടു വര്‍ഷമായി താന്‍ എ.ആര്‍. റഹ്മാനൊപ്പം പ്രവര്‍ത്തിക്കുന്നു. തന്റെ കരിയര്‍ ഷെയ്പ്പ് ചെയ്‌തെടുക്കാന്‍ അദ്ദേഹം സഹായിച്ചെന്നും പറഞ്ഞു.

തങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും സ്‌നേഹവും ഇപ്പോഴുമുണ്ടെന്നും രണ്ടുപേരുടെയും വിവാഹമോചനം വ്യക്തിപരമായ വേദനാജനകമായ കാര്യമാണെന്നും അവര്‍ പറഞ്ഞു. തന്നെയും റഹ്മാനെയും ചേര്‍ത്ത് വരുന്ന അടിസ്ഥാനമില്ലാത്ത തെറ്റായ ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നും പറഞ്ഞു. രണ്ടു സംഭവവും ചേര്‍ത്ത് മാധ്യമങ്ങള്‍ അശ്‌ളീലമുണ്ടാക്കുകയാണ്. കഴിഞ്ഞ എട്ടര വര്‍ഷമായി ഒരു കുട്ടിയായിട്ടാണ് എ.ആര്‍. റഹ്മാനൊപ്പം പല സിനിമകളിലും സഞ്ചാരങ്ങളിലും പ്രവര്‍ത്തിച്ചതെന്നും സാമൂഹ്യമാധ്യമ പോസ്റ്റില്‍ പറയുന്നു.