ദുബായ്: ഇന്ത്യയില്‍ കളിക്കാന്‍ തയാറല്ലെന്ന നിലപാട് തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് മാറ്റണമെന്ന ബി.സി.ബിയുടെ അഭ്യര്‍ഥന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നിരസിച്ചിരുന്നു.
ഇന്ത്യയില്‍ കളിക്കാനില്ലെങ്കില്‍ ലോകകപ്പില്‍നിന്നു പുറത്താക്കുമെന്ന് ഐ.സി.സി. ബംഗ്ലാദേശിനോടു വ്യക്തമാക്കി.
തീരുമാനമെടുക്കാന്‍ ഇന്നലെ വരെയാണു സമയമനുവദിച്ചത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇന്ത്യയില്‍നിന്നു തങ്ങളുടെ മത്സരങ്ങള്‍ മാറ്റണമെന്ന് ബി.സി.ബി. അഭ്യര്‍ഥിച്ചത്.
കളിക്കാരും യുവ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബി.സി.ബി. അന്തിമ തീരുമാനമെടുത്തത്. നിലപാട് തുടര്‍ന്നാല്‍, ബംഗ്ലാദേശ് ടീമിനെ ഒഴിവാക്കി പകരം സ്കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുമെന്ന് ഐ.സി.സി. വ്യക്തമാക്കിയിരുന്നു.
ഐ.സി.സിയുടെ ടൂര്‍ണമെന്റില്‍നിന്നു രാജ്യങ്ങള്‍ വിട്ടുനില്‍ക്കുന്നത് ആദ്യമായല്ല. 1996 ലെ ലോകകപ്പില്‍ ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും സമാന നിലപാടെടുത്തിരുന്നു. ലോകകപ്പിന്റെ സഹ ആതിഥേയരായിരുന്നു ശ്രീലങ്കയിലേക്കാണ് അവര്‍ പോകാന്‍ വിസമ്മതിച്ചത്. ശ്രീലങ്കയില്‍ അന്ന് ആഭ്യന്തര യുദ്ധം രൂക്ഷമായിരുന്നു. ലോകകപ്പിനു രണ്ടാഴ്ച മുമ്പ് കൊളംബോയിലുണ്ടായ ബോംബ് സ്ഫോടനവും ടീമുകളെ ഭീതിയിലാഴ്ത്തി. ലങ്കയ്ക്ക് പിന്തുണയുമായി ഇന്ത്യ, പാകിസ്താന് ടീമുകള്‍ കൊളംബോയില്‍ സൗഹൃദ മത്സരം കളിച്ചു. ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ലങ്കയിലേക്കു പോയില്ല. അതോടെ ലങ്ക തടസം കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
2003 ഏകദിന ലോകകപ്പിലും വിട്ടുനില്ക്കലുണ്ടായി. ദക്ഷിണാഫ്രിക്ക, സിംബാബ്വേ, കെനിയ എന്നിവരാണു ലോകകപ്പിനു സംയുക്ത വേദിയായത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട് കാരണം ഇംഗ്ലണ്ട് ടീം സിംബാബ്വേയിലെ ഹരാരെയില്‍ കളിക്കാന്‍ വിസമ്മതിച്ചു. സിംബാബ്വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയോടുള്ള പ്രതിഷേധമായിരുന്നു പിന്നില്‍. കെനിയയില്‍ കളിക്കാന്‍ ന്യൂസിലന്‍ഡ് ടീമും വിസമ്മതിച്ചു. നെയ്റോബിക്കു സമീപം ബോബ് സ്ഫോടനങ്ങളുണ്ടായതാണ് അവരെ സമ്മര്‍ദത്തിലാക്കിയത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2009 ലെ ട്വന്റി20 ലോകകപ്പിന് ഇംഗ്ലണ്ട് വേദിയായപ്പോള്‍ സിംബാബ്വേ ബഹിഷ്കരിച്ചു. റോബര്‍ട്ട് മുഗാബെയും യു.കെയും തമ്മിലുള്ള ബന്ധം അന്നും വഷളായിരുന്നു.
2016 ലെ ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാന്‍ ഓസ്ട്രേലിയന്‍ ടീമും വിസമ്മതിച്ചു. അയര്ലന്ഡാണു പകരം ടീമായി ലോകകപ്പ് കളിച്ചത്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലും ബഹിഷ്കരണ ഭീഷണിയുണ്ടായി. പാകിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സമ്മര്‍ദത്തിലായ ഐ.സി.സി. ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലാണു നടത്തിയത്.




