Sports

ട്രോഫിയുമായി ഉറങ്ങുന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ, പാകിസ്ഥാനെതിരായ ചരിത്രവിജയത്തിന് ശേഷം നജ്മുൾ ഹൊസൈന്റെ ഉറക്കം

പാക്കിസ്ഥാനെതിരായ അവിസ്മരണീയമായ ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ ട്രോഫിക്കൊപ്പം ഉറങ്ങുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ചൊവ്വാഴ്ച റാവൽപിണ്ടിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന് വിജയിച്ച ബംഗ്ലാദേശ് പരമ്പരയില്‍ പാകിസ്ഥാനെ 2-0ന് പരാജയപ്പെടുത്തി. ഉദ്ഘാടന മത്സരത്തിൽ സന്ദർശകർ 10 വിക്കറ്റിന് വിജയിച്ചിരുന്നു.

രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിക്കാനാണ് ബംഗ്ലാദേശ് പാകിസ്ഥാനിൽ പര്യടനം നടത്തിയത്. രണ്ട് ടെസ്റ്റുകളിലും, ബംഗ്ലാദേശ് ടീം ബാറ്റിംഗിലും ബൗളിംഗിലും മിന്നുന്ന പ്രകടനം നടത്തി, പാകിസ്ഥാനെ 10 വിക്കറ്റിനും 6 വിക്കറ്റിനും തോൽപ്പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കി.

കഴിഞ്ഞ 12 കളികളിൽ ഒരു തവണ പോലും പാക്കിസ്ഥാനെ തോൽപ്പിക്കാത്ത ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. ഈ വിജയത്തോടെ ബംഗ്ലാദേശ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ 45.83 വിജയശതമാനത്തോടെ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന അടുത്ത പരമ്പര ബംഗ്ലാദേശിന് പ്രധാനമാണെന്ന് നജ്മുൽ ഹൊസൈൻ പറഞ്ഞു. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനെതിരായ മത്സരങ്ങളിൽ തന്റെ ടീമിന്റെ മികച്ച പ്രകടനത്തിൽ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. പാകിസ്ഥാനെതിരായ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയ നേരിടാന്‍ ബംഗ്ലാദേശ് എത്തുക. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് സെപ്റ്റംബർ 19 മുതൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് ഫോർമാറ്റിൽ ബംഗ്ലാദേശ് ജയിച്ചിട്ടില്ല, 13 മത്സരങ്ങളിൽ 11 എണ്ണവും തോറ്റു.