Healthy Food

ഏത്തപ്പഴം നല്ലതു തന്നെ… പക്ഷേ വെറും വയറ്റില്‍ കഴിച്ചാല്‍…

മനുഷ്യന്റെ ആരോഗ്യപരിപാലനത്തില്‍ പ്രാതലിന് വലിയ പങ്കുണ്ട്. സ്‌കൂള്‍ കുട്ടികളും ഉദ്യോഗസ്ഥരും മറ്റും എളുപ്പം പരിഗണിച്ച് വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കുന്നതായി കണ്ടുവരുന്നുണ്ട്.

ഏത്തപ്പഴം അടിസ്ഥാനപരമായി അസിഡിക്കാണ്. അതിനാല്‍ വെറും വയറ്റില്‍ അത് കഴിക്കുന്നത് ഉദരകോശങ്ങള്‍ക്കും കുടലിനും ദോഷം ചെയ്യും. ഇതില്‍ വലിയ അളവില്‍ പൊട്ടാസ്യമുണ്ട്. ഇത് വെറും വയറ്റില്‍ ഉളളില്‍ ചെല്ലുന്നത് നന്നല്ല.

എന്നാല്‍ ഏത്തപ്പഴം നുറുക്കിയതില്‍ കുതിര്‍ത്തു വച്ച ബദാമും ഉണക്കമുന്തിരിയും ചേര്‍ത്ത് കഴിച്ചാല്‍ അസിഡിറ്റിയുടെ തീവ്രത കുറയ്ക്കും. ഇതില്‍ വലിയ അളവില്‍ സ്വാഭാവിക മധുരമുണ്ട്.

അതുകൊണ്ട് ഇത് കഴിച്ചാലുടന്‍ നല്ല ഊര്‍ജ്ജം ലഭിക്കും. എന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ അത് നഷ്ടപ്പെടും. തുടര്‍ന്നുളള സമയത്ത് ഉറക്കച്ചടവും ക്ഷീണവും ഒക്കെ അനുഭവപ്പെടും.

എന്നുകരുതി ഏത്തപ്പഴത്തെ തീര്‍ത്തും അവഗണിക്കാന്‍ പാടില്ല. ഫൈബര്‍, മഗ്നീഷ്യം, അയണ്‍, വൈറ്റമിന്‍ ബി എന്നിവയുടെ കലവറയാണ് ഏത്തപ്പഴം. നിര്‍ജ്ജലീകരണം തടയാനും ഇത് ഉത്തമമാണ്.

രക്തത്തിലെ കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് ബാലന്‍സ് ചെയ്യാനും ഏത്തപ്പഴം നല്ലതാണ്. കഴിവതും നമ്മുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്ന വാഴപ്പഴം തന്നെ കഴിക്കുക.

പുറത്തു നിന്നും ലഭിക്കുന്നതില്‍ അമിതമായ അളവില്‍ രാസപദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമുളളതു കൊണ്ട് അത് ആരോഗ്യത്തിന് ഹാനികരമായി ഭവിക്കും.

പാലില്‍ കാച്ചിയ ഒരു കപ്പ് ഓട്‌സില്‍ ഏത്തപ്പഴം നുറുക്കിയതും ചേര്‍ത്ത് പ്രാതല്‍ കഴിച്ചശേഷം ദിവസം ആരംഭിച്ചാല്‍ അതീവ ഊര്‍ജ്ജസ്വതയോടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ക്ഷീണം തോന്നുകയേയില്ല.