Crime

ഗൂഢാലോചനയില്‍ ഐ.ജി: ബി. സന്ധ്യയുടെ പങ്ക്‌ സംശയിക്കുന്നു, പോലീസ്‌ തങ്ങളെയും വേട്ടയാടി: ബി. രാമന്‍പിള്ള

അതിജീവിതയ്‌ക്ക്‌ നീതി കിട്ടിയെന്നും എന്നാല്‍, നടന്‍ ദിലീപിനെതിരെ നടന്നതു കള്ളക്കേസെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള. കേസില്‍ ദിലീപിനെ വേട്ടയാടുകയായിരുന്നു. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്‌ഥയ്‌ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായും ബി രാമന്‍പിള്ള പറഞ്ഞു. അരനൂറ്റാണ്ടായി ഇതുപോലെ ഒരു തെളിവുമില്ലാത്ത കേസ്‌ ഞാന്‍ നടത്തിയിട്ടില്ല. വിധിയുടെ പൂര്‍ണരൂപം ലഭിച്ചശേഷം തന്റെ കക്ഷി ഇരയാക്കപ്പെട്ടതാണെങ്കില്‍ നടപടി സ്വീകരിക്കുന്നത്‌ ആലോചിക്കുമെന്നും രാമന്‍ പിള്ള പറഞ്ഞു. ദിലീപിനെതിരേയാണു ഗൂഢാലോചന നടത്തിയത്‌. സത്യമായ ഒരു തെളിവും ഈ കേസിലില്ലെന്നും രാമന്‍ പിള്ള പറഞ്ഞു.

ദിലീപിനെതിരേ നടന്നതു കള്ളക്കേസാണെന്നു മനസിലാക്കിയതുകൊണ്ടാണു കേസില്‍നിന്നു മാറാതിരുന്നത്‌. ഇത്രയുംകാലം നീണ്ട കേസ്‌ തന്റെ 50 വര്‍ഷത്തെ കരിയറിനിടയില്‍ ഉണ്ടായിട്ടില്ല. തന്റെ കാലിന്റെ ഓപ്പറേഷന്‍ വരെ മാറ്റിയത്‌ ഇതുകൊണ്ടാണ്‌. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്‌. പി.ടി. തോമസ്‌ എന്തു മൊഴി പറയാനാണ്‌. പി.ടി. തോമസിന്‌ ഒന്നും അറിയില്ലല്ലോ. ദിലീപിനെ പ്രതിയാക്കിയ ശേഷമാണു കഥ ഉണ്ടാക്കിയത്‌.

ഗൂഢാലോചനയില്‍ ഐ.ജി: ബി. സന്ധ്യയുടെ പങ്ക്‌ സംശയിക്കുന്നു. പോലീസ്‌ തങ്ങളെ വേട്ടയാടി. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഇറക്കിയതു ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.

അതിജീവിതയുടെ അമ്മ, അടുത്ത കൂട്ടുകാരി രമ്യ നമ്പീശന്‍ അടക്കമുള്ളവരുടെ പോലീസ്‌ രേഖപ്പെടുത്തിയ മൊഴി കോടതിയിലുണ്ട്‌. അമ്മയെ വിസ്‌തരിച്ചില്ല. രമ്യ നമ്പീശനെ വിസ്‌തരിച്ചു. ആ മൊഴികളിലെല്ലാം അതിജീവിതയ്‌ക്കു സിനിമയിലും അല്ലാതെയും ഒരു ശത്രുവുമില്ലെന്നാണു പറയുന്നത്‌. പിന്നെ എങ്ങനെ ദിലീപ്‌ ശത്രുവാകും. പോലീസ്‌ രേഖപ്പെടുത്തിയ മൊഴിയൊന്നും സത്യമല്ല. കേസിന്റെ ആവശ്യത്തിനായി പോലീസ്‌ മൊഴി രേഖപ്പെടുത്തും. മൊഴി മാറിയ പ്രോസിക്യൂഷന്‍ സാക്ഷിയൊക്കെ ഉണ്ട്‌.
2021 ഡിസംബര്‍ ആയപ്പോഴേക്കും 200 സാക്ഷികളെ വിസ്‌തരിച്ചു. ലാസ്‌റ്റ്‌ വിറ്റ്‌നസ്‌ ബൈജു പൗലോസ്‌ ആയിരുന്നു. അയാളുടെ മൊഴിയെടുക്കാന്‍ വച്ച ദിവസമാണ്‌ ഒരുകാര്യവുമില്ലാതെ പ്രോസിക്യൂട്ടര്‍ ഇറങ്ങിപ്പോയത്‌. തുടര്‍ന്ന്‌ പെറ്റീഷന്‍ കൊടുത്തതോടെയാണു തുടരന്വേഷണം ഉണ്ടായത്‌. എന്നാല്‍ അയാള്‍ കോടതിയില്‍ ഹാജരായതുമില്ല. അങ്ങനെയാണു മാറിപ്പോകുന്നത്‌. അല്ലെങ്കില്‍ 2022 ഏപ്രിലില്‍ തീരേണ്ട കേസാണിത്‌. ദിലീപിനെ വേട്ടയാടി. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്‌. അയാള്‍ പറയുന്നതൊന്നും കോടതി അംഗീകരിച്ചില്ല. കേസില്‍ ബാലചന്ദ്രകുമാര്‍ വന്നത്‌ ആസൂത്രിതമായിരുന്നു.
ദിലീപിനെ പ്രതിയാക്കാന്‍വേണ്ടി സീനിയര്‍ ഉദ്യോഗസ്‌ഥ ആ ടീമിലെ ഏറ്റവും ജുനിയര്‍ ആയിട്ടുള്ള ബൈജു പൗലോസിനെ അന്വേഷണം ഏല്‍പ്പിച്ചു. ഡിവൈ.എസ്‌.പിമാരും എസ്‌.പിമാരുമുണ്ട്‌. എന്നിട്ടാണു ബൈജു പൗലോസിനെ ഏല്‍പ്പിച്ചത്‌.
ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്‌ഥയ്‌ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു സംശയിക്കുന്നു. 200 സാക്ഷികളെ വിസ്‌തരിച്ചു കഴിഞ്ഞാണ വേറൊരു ക്രൈം രജിസ്‌റ്റര്‍ ചെയ്യുന്നത്‌.ക്രൈം നമ്പര്‍ സിക്‌സ്‌ എന്ന്‌ പറഞ്ഞ്‌. അന്വേഷണ ഉദ്യോഗസ്‌ഥന്‍ പരാതിക്കാരനായി, ദിലീപ്‌ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന്‌ ഒരു കാര്യവുമില്ലാതെ കേസുമായി വന്നു.
തെളിവിന്‌ ഒരു മെമ്മറി കാര്‍ഡ്‌ ഉണ്ടായിരുന്നു. മെമ്മറി കാര്‍ഡ്‌ റിക്കവറി നടത്താന്‍ പ്രതിയെ കസ്‌റ്റഡിയിലെടുക്കണം. അതിനു ദിലീപിന്റെ പ്രായമായ അമ്മയെ ഒഴിച്ചു ബാക്കിയെല്ലാവരെയും പ്രതിയാക്കി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. സത്യമല്ലാത്ത തെളിവുകള്‍ ഹാജരാക്കിയ കേസാണിതെന്നും രാമന്‍പിള്ള പറഞ്ഞു.