Featured Spotlight

കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണന് സീറ്റില്ല; ഉമ്മൻ ചാണ്ടിയുടെ മരുമകൻ വര്‍ഗീസ് ജോര്‍ജ് ട്വൻ്റി 20 സ്ഥാനാർത്ഥി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ കൊടുങ്ങലൂർ മണ്ഡലത്തിൽ ട്വൻ്റി 20 സ്ഥാനാർത്ഥി . ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവ് വര്‍ഗീസ് ജോര്‍ജാണ് മത്സരത്തിന് ഇറങ്ങുന്നത്. എന്‍ ഡി എയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വിന്റി 20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.

ഇതോടെ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന് സീറ്റില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്റി20ക്ക് ഈ സീറ്റ് വിട്ടുനൽകാൻ തീരുമാനിച്ചതോടെയാണിത്. ഡോ. വർഗീസ് ജോർജ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഗോപാലകൃഷ്ണനായി മണ്ഡലത്തിൽ നേരത്തെ ആരംഭിച്ച ചുവരെഴുത്തുകളും മറ്റ് പ്രചാരണ പരിപാടികളും ഇതോടെ പ്രവർത്തകർ നിർത്തിവെച്ചു.

ഗോപാലകൃഷ്ണനെ മറ്റൊരു മണ്ഡലത്തിൽ പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എൻജിനീയറിങ്, മാനേജ്‌മെന്റ് മേഖലകളിൽ വിദേശത്തും സ്വദേശത്തും വലിയ പ്രവൃത്തിപരിചയമുള്ള ഡോ. വർഗീസ് ജോർജ് നിലവിൽ ട്വന്റി20യുടെ മണ്ഡലം പ്രസിഡന്റ് കൂടിയാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ഥാനാർത്ഥിയെയാണ് പാർട്ടി ഇവിടെ അവതരിപ്പിക്കുന്നത്.

കൊടുങ്ങല്ലൂർ സീറ്റിനായി ട്വന്റി20യും ബിഡിജെഎസും ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെയാണ് എൻഡിഎയിൽ തർക്കം ഉടലെടുത്തത്. ഗോപാലകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം ഏകദേശം ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത നീക്കമുണ്ടായത്. അതേസമയം, സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പരസ്യമായി പ്രതികരിച്ച ന്യൂനപക്ഷ മോർച്ച നേതാവ് അഡ്വ. നോബിൾ മാത്യുവിനെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ സീറ്റ് ലഭിക്കാത്തതിലുള്ള അമർഷം പ്രകടിപ്പിച്ച അദ്ദേഹം വിമതനായി മത്സരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *