Celebrity

“ഓവറാക്കി മനപൂര്‍വ്വം കളിയാക്കാറുണ്ട്, അസീസ് ആ ഗണത്തില്‍ പെട്ടതാണ്..” തന്നെ അനുകരിക്കുന്നവരെക്കുറിച്ച് അശോകൻ

തോമസുകുട്ടി വിട്ടോടാ എന്ന സംഭാഷണം കേൾക്കുമ്പോൾ മനസിലേക്ക് ആദ്യമെത്തുന്ന മുഖം അശോകന്റേതാണ്.പത്മരാജൻ എന്ന അതുല്യ പ്രതിഭ മലയാളികൾക്ക് സമ്മാനിച്ച താരമാണ് അശോകൻ. ഒരുപിടി മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂര്‍വം നടന്മാരില്‍ ഒരാള്‍ കൂടിയായ അശോകൻ മലയാളികൾക്ക് അവരുടെ സ്വന്തം തോമസുകുട്ടിയാണ്. കരിയറിന്റെ തുടക്കകാലത്ത് തന്നെ ക്ലാസിക്ക് സിനിമകളുടെ ഭാഗമാകാൻ സാധിക്കുക എന്നത് തന്നെ അനുഗ്രഹീതരായവര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹര്‍ നഗറിലെ തോമസുകുട്ടി അശോകന്റെ കരിയറിലെ ജനകീയ വേഷമായിരുന്നു. നല്ലൊരു ഗായകൻ കൂടിയായ അശോകൻ ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമെ സിനിമകള്‍ ചെയ്യാറുള്ളു.

താരം അഭിനയിച്ച്‌ റിലീസ് ചെയ്ത ഏറ്റവും പുതിയ വെബ് സീരിസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലെ മാസ്റ്റര്‍പീസാണ്. നിത്യ മേനോന്റെ അച്ഛന്റെ വേഷമാണ് സീരിസില്‍ അശോകൻ ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത്. മിമിക്രി കലാകാരന്മാർ ഏറ്റവുമധികം അനുകരിക്കാറുള്ള നടൻ കൂടിയാണ് അശോകൻ. അശോകന്റെ കണ്ണുകളും അതുകൊണ്ടുള്ള ചലനങ്ങളും അനുകരിച്ചാണ് മിമിക്രി കലാകാരന്മാര്‍‌ കയ്യടി വാങ്ങാറുള്ളത്. ഇപ്പോഴിതാ അതിനെക്കുറിച്ചുള്ള തന്റെ നിലപാടും അഭിപ്രായവും തുറന്നു പറയുകയാണ് താരം. പലരും തന്നെ ഓവറാക്കി അനുകരിച്ച്‌ കളിയാക്കുന്നതായി തോന്നിയിട്ടുണ്ടെന്നും അതില്‍ വിഷമമുണ്ടെന്നും പറയുകയാണ് അശോകൻ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അശോകൻ ഇക്കാര്യം പറഞ്ഞത്.

“അമരം സിനിമയിലെ എന്റെ നോട്ടത്തെ കളിയാക്കിയാണ് പലരും മിമിക്രി ചെയ്യുന്നത്. കളിയാക്കുന്നത് കണ്ടാല്‍ മനസിലാവും. അത്രയ്‌ക്കൊന്നും ഞാന്‍ നോക്കിയിട്ടില്ല. മിമിക്രിയെന്ന് പറയുമ്പോൾ കുറച്ചധികം അവര്‍ കയ്യില്‍ നിന്നിട്ട് കളിക്കുന്നതാണല്ലോ.
അങ്ങനെ ഞങ്ങളെ പോലുള്ള നടന്മാരെ വിറ്റ് ജീവിക്കുന്നവര്‍ മനപൂര്‍വം കളിയാക്കുകയും ചെയ്യും. കണ്ണൂര്‍ സ്‌ക്വാഡിലൊക്കെ അഭിനയിച്ച അസീസ് ആ ഗണത്തില്‍ പെട്ടതാണ്. അയാള്‍ അത്ര നന്നായി എന്നെ അനുകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഓവറാക്കി കളിയാക്കുന്നത് പോലെയാണ് തോന്നിയത്. എന്നെ കാണിച്ചാണ് പോപ്പുലറായതെന്ന് അയാള്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ.

ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കും…” അശോകൻ പറയുന്നു. നൻപകല്‍ നേരത്ത് മയക്കം, ന്റെ ഇക്കാക്ക് ഒരു പ്രമണ്ടാര്‍ന്ന് എന്നിവയാണ് അശോകൻ അഭിനയിച്ച്‌ റിലീസ് ചെയ്ത സിനിമകള്‍.

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം അമരത്തിലെ അശോകന്റെ രാഘവൻ എന്ന കഥാപാത്രത്തെയാണ് അസീസ് അടക്കമുള്ളവര്‍ അനുകരിക്കാനായി ഉപയോഗിക്കാറുള്ളത്. അമരത്തിലെ ഒരു സീനിലെ അശോകന്റെ നോട്ടം വളരെ ശ്രദ്ധനേടിയതാണ്. അതുകൊണ്ട് തന്നെ ആ നോട്ടം അസീസ് അടക്കമുള്ള മിമിക്രി കലാകാരന്മാര്‍ വീണ്ടും അനുകരിക്കുമ്ബോള്‍‌ അശോകനും രാഘവനെന്ന കഥാപാത്രവും ആളുകളുടെ മനസിലേക്ക് ഓടിവരും.

അസീസ് മിമിക്രിക്കായി വേദിയില്‍ എത്തിയാല്‍ അശോകനെ അനുകരിച്ചെ മടങ്ങാറുള്ളു. അസീസിന് സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ച്‌ തുടങ്ങിയിട്ട് വളരെ കുറച്ച്‌ നാളുകളെയായുള്ളു.