Sports

ഹൗ ! അക്‌സര്‍പട്ടേലിന്റെ സൂപ്പര്‍ ക്യാച്ച്… ഇന്ത്യയെ സെമിയില്‍ എത്തിച്ച മിന്നും പ്രകടനം- വീഡിയോ

ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റതിന് ചെറിയ ക്രിക്കറ്റില്‍ മധുരപ്രതികാരം വീട്ടി ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ഓസ്‌ട്രേലിയ തങ്ങളുടെ ക്യാംപയിന്‍ സൂപ്പര്‍ എട്ടു കൊണ്ട് അവസാനിപ്പിച്ച് മടങ്ങി. ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരമായ ഇന്ത്യാ – ഓസ്‌ട്രേലിയ മാച്ചില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത് 204 റണ്‍സടിച്ച ഇന്ത്യയെ പിന്തുടര്‍ന്ന ഓസീസ് എല്ലാഘട്ടത്തിലൂം ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കളിയുടെ ഗതി മാറ്റി മറിച്ച അക്‌സര്‍പട്ടേലിന്റെ മിന്നും ക്യാച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ ബൗണ്ടറിലൈന് സമീപത്ത് നിന്നുകൊണ്ട് എടുത്ത ഒറ്റക്കയ്യന്‍ ക്യാച്ച് ടി20 ലോകകപ്പ് 2024 ല്‍ സാക്ഷ്യം വഹിച്ചത് ഒരു മാന്ത്രിക നിമിഷത്തിനായിരുന്നു.

മാര്‍ഷും ഓപ്പണര്‍ ട്രാവിസ് ഹെഡും ശക്തമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കൊണ്ട് ഓസ്ട്രേലിയ പോസിറ്റീവായി തന്നെ പിന്തുടര്‍ന്നുപ്പോള്‍ ഒമ്പതാം ഓവറില്‍ മാര്‍ഷിനെ അക്‌സറിന്റെ കയ്യില്‍ എത്തിച്ചത് കുല്‍ദീപ് യാദവിന്റെ ബൗളിംഗായിരുന്നു. ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിച്ച ആക്രമണോത്സുകമായ ബാറ്റിംഗിന് പേരുകേട്ട മാര്‍ഷ് യാദവിന്റെ പന്തില്‍ കൂറ്റന്‍ ഷോട്ടിനായി പോയി. പട്ടേല്‍ നിലയുറപ്പിച്ച ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് പന്ത് കുതിച്ചു. ഇടതുകൈ നീട്ടി ഉയര്‍ന്നുചാടിയ അക്‌സറിന്റെ വിരലുകളില്‍ പന്ത് കുരുങ്ങി. ഒരു നിമിഷം ഇന്ത്യന്‍ ആരാധകര്‍ നിശ്ചലരായി. അക്‌സര്‍ ബൗണ്ടറി ലൈന്‍ കടന്നോ എന്നായിരുന്നു എല്ലാവരുടേയും സംശയം. റീപ്ലേകള്‍ ക്യാച്ചിന്റെ തിളക്കം സ്ഥിരീകരിച്ചതോടെ സ്റ്റാന്റില്‍ ഉയര്‍ന്നത് കാതടപ്പിക്കുന്ന ആരവമായിരുന്നു. പിന്നാലെ ഓസീസിനെ ഏളുപ്പം കീഴടക്കാനും കഴിഞ്ഞു.