ആലപ്പുഴ: അര്‍ധരാത്രി ഓട്ടോ ഡ്രൈവറെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. എടത്വാ തലവടി ആനപ്രമ്പാല്‍ വടക്ക് കളങ്ങര ഭാഗത്ത് വീട്ടില്‍ അമല്‍(അപ്പൂസ് 27), കളങ്ങര കൊച്ചുപറമ്പ് വീട്ടില്‍ കെവിന്‍(25) എന്നിവരെയാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്)ജഡ്‌ജി എസ്.ഭാരതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നാം പ്രതി എടത്വാ പതിനഞ്ചില്‍ വീട്ടില്‍ രാഹുലി(കൊച്ചുണ്ട- 30 )നെ വെറുതെവിട്ടു. തലവടിപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുത്തന്‍പറമ്പ് വീട്ടില്‍ അനില്‍കുമാര്‍( 38) കൊല്ലപ്പെട്ട കേസിലാണു വിധി.
2019 ജനുവരി 14ന് രാത്രി 12.30നായിരുന്നു സംഭവം. അനില്‍കുമാറിനെ പ്രത്രികള്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി ഭാര്യ സന്ധ്യയുടെ മുന്നില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സന്ധ്യക്കും പരുക്കേറ്റു. കെവിന്റെ സഹോദരിയെ എടത്വാ പച്ചയിലുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരികെ ഓട്ടോറിക്ഷയില്‍ എടത്വായ്‌ക്ക് വരുന്ന വഴിയില്‍ ഇറക്കിവിട്ടതിന്റെ വിരോധത്താല്‍ പ്രതികള്‍ കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഒന്നാം പ്രതി അമല്‍ കൈവശം കരുതിയ മൂര്‍ച്ചയേറിയ കത്തികൊണ്ട് അനില്‍കുമാറിന്റെ തലയിലും ഇടത് തോളിലും ഇടത് കക്ഷത്തും വലത് നെഞ്ചിലുംആഴത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയും രണ്ടാം പ്രതി കെവിന്‍ അനില്‍കുമാറിനെ പിടിച്ച് നിര്‍ത്തുകയും ചെയ്‌തു. സന്ധ്യയെയും കത്തി കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. അനില്‍കുമാറിനെ നാട്ടുകാര്‍ ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ സന്ധ്യയുടെ മൊഴി പ്രകാരമാണ് എടത്വാ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.തെളിവ് നശിപ്പിച്ചെന്നായിരുന്നു മൂന്നാം പ്രതി രാഹുലിനെതിരായ കേസ്. ന്നാല്‍, ഇതു തെളിയിക്കാനായില്ല. എടത്വാ എസ്.ഐ: സെസില്‍ ക്രിസ്‌റ്റ്യന്‍ രാജ് അനേഷിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എസ്.എ ശ്രീമോന്‍ ഹാജരായി. മൂന്നാം പ്രതി രാഹുലിന് വേണ്ടി അഡ്വ. ആര്‍. രാജേന്ദ്രപ്രസാദ്, വിമി, സുനിത.ജി എന്നിവര്‍ ഹാജരായി.




