തകര്‍പ്പന്‍ വെടിക്കെട്ട് നടത്തി ഓസ്ട്രേലിയയുടെ റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടത് ലോകറെക്കോഡ്. 43 പന്തുകളില്‍ ടി20 യില്‍ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ളീസ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു കളിക്കാരന്റെയും ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരിലെയും ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് നേടിയെടുത്തത്. വെള്ളിയാഴ്ച സ്‌കോട്ട്‌ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ കളിച്ച ഇംഗ്ലിസ് 49 പന്തില്‍ 103 റണ്‍സ് അടിച്ചുകൂട്ടി. ഏഴ് ബൗണ്ടറികളും അത്രതന്നെ സിക്സറുകളും താരത്തിന്റെ ബാറ്റില്‍ നിന്നും ഒഴുകി.
2023ലും ഇന്ത്യയ്‌ക്കെതിരെ ജോഷ് ഇംഗ്ലിസ് ആദ്യമായി ടി20 ഐ സെഞ്ച്വറി നേടിയിരുന്നു. ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഇംഗ്ലിസ് ഏറ്റവും വേഗമേറിയ ടി20 ഐ സെഞ്ച്വറിയാണ് നേടിയിരിക്കുന്നത്. 2023 ല്‍ വിശാഖപട്ടണത്തില്‍ ഇന്ത്യയ്‌ക്കെതിരെ 47 പന്തുകളില്‍ സെഞ്ച്വറി എന്ന തന്റെ സംയുക്ത റെക്കോര്‍ഡ് ഇംഗ്ലിസ് മെച്ചപ്പെടുത്തി. 2013-ല്‍ ഇംഗ്ലണ്ടിനെതിരെ ആരോണ്‍ ഫിഞ്ചും ഗ്ലെന്‍ മാക്‌സ്വെല്‍ ഇന്ത്യയ്‌ക്കെതിരെ ഗുവാഹത്തിയിലും 47 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് ടി20യില്‍ സെഞ്ച്വറി നേടുന്ന ഏക വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡും ഇംഗ്ലിസ് സ്വന്തമാക്കി. അത് പോരാഞ്ഞാല്‍, ജോഷ് ഇംഗ്ലിസ്, ഏതെങ്കിലും ടെസ്റ്റ് രാഷ്ട്രത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നേടിയ സെഞ്ച്വറി എന്ന ലോക റെക്കോര്‍ഡിന് ഒപ്പമെത്തി – ക്വിന്റണ്‍ ഡി കോക്ക് 43 പന്തുകളിലും സെഞ്ച്വറി നേടി.
70 റണ്‍സിനായിരുന്നു മത്സരം സ്‌കോട്ലന്റ് തോറ്റത്. സ്‌കോട്ട്‌ലന്‍ഡിന് 126 റണ്‍സ് എടുത്തപ്പോഴേയ്ക്കും എല്ലാവരും പുറത്തായി. ഇംഗ്ളീസിന്റെ വെടിക്കെട്ടായിരുന്നു ഓസീസിന് തുണയായത്. തുടക്കത്തിലേ വിക്കറ്റുകള്‍ കൊഴിഞ്ഞ് ഓസീസ് പരുങ്ങുമ്പോഴായിരുന്നു ഇംഗ്ളീസ് വന്നതും അടിച്ചു കസറിയതും. മറ്റെല്ലാ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരും ചേര്‍ന്ന് നേടിയതിനേക്കാള്‍ കൂടുതല്‍ ഫോറുകളും സിക്‌സറുകളും ഇംഗ്ലിസ് അടിച്ചു. 210 എന്ന അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 10 പന്തുകളെങ്കിലും നേരിട്ട മറ്റ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരേക്കാള്‍ ഇരട്ടിയായിരുന്നു. സൈപ്രസിനെതിരേ 27 പന്തില്‍ സെഞ്ച്വറി നേടിയ എസ്റ്റോണിയയുടെ സാഹില്‍ ചൗഹാന്റെ പേരിലാണ് ടി20 യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി. പക്ഷേ രണ്ടു രാജ്യങ്ങളും ടെസ്റ്റ് കളിക്കുന്നവരല്ല.
