കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്ന ഈ കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അപ്രതീക്ഷിത പ്രകൃതികോപങ്ങളാണ്. ഞായറാഴ്ച ഓസ്‌ട്രേലിയയില്‍ ഉണ്ടായ ഇടിമിന്നലുകള്‍ ലോകറെക്കോഡ് നേടിയിരിക്കുകയാണ്.
ഓസ്‌ട്രേലിയയുടെ വിവിധഭാഗങ്ങളിലായി അടിച്ചത് 1.1 ദശലക്ഷത്തിലധികം മിന്നലുകളായിരുന്നു. സെന്‍ട്രല്‍ ഓസ്ട്രേലിയ, ക്വീന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇടിമിന്നലുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ സേവനമായ വെതര്‍സോണിന്റെ മിന്നല്‍ ട്രാക്കര്‍ അറിയിച്ചു. നിരവധി ലൈറ്റിംഗ് സ്ട്രൈക്കുകള്‍ ആകാശത്തെ കീഴടക്കിപ്പോള്‍ ഞെട്ടിയത് കാലാവസ്ഥാ നിരീക്ഷകരാണ്.
ഉലൂരില്‍, 719,068 മിന്നലാക്രമണങ്ങള്‍ ഉണ്ടായി, 800 കിലോമീറ്റര്‍ പ്രദേശത്ത് ഒരു വലിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. തെക്ക്-കിഴക്കന്‍ ക്വീന്‍സ്ലാന്‍ഡ് കനത്ത മഴയും കൊടുങ്കാറ്റും അഭിമുഖീകരിച്ചു, കൂടാതെ 328,627 തവണ മിന്നലാക്രമണത്തിന് സാക്ഷ്യം വഹിച്ചു. സാധാരണയായി മിന്നലുകള്‍ അപൂര്‍വമായ പ്രദേശങ്ങളില്‍ ഉയര്‍ന്ന തോതിലുള്ള മിന്നലാക്രമണം കണ്ടപ്പോള്‍ വിദഗ്ധര്‍ ആശ്ചര്യപ്പെട്ടു.
വരും ദിവസങ്ങളില്‍ ക്വീന്‍സ്ലാന്‍ഡ് കൂടുതല്‍ ഇടിമിന്നലിനും ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബ്യൂറോ ഓഫ് മെറ്റീരിയോളജി അടിയന്തര മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഉയര്‍ന്ന താപനില കേപ് പെനിന്‍സുല പ്രദേശത്ത് അപകടസാധ്യത കൂട്ടിയിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെല്ലാം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച, തെക്ക്-കിഴക്കന്‍ ക്വീന്‍സ്ലാന്റില്‍, ശക്തമായ കൊടുങ്കാറ്റില്‍ നിരവധി സംഗീത പരിപാടികള്‍ റദ്ദാക്കുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
എ ഡേ ഓണ്‍ ദി ഗ്രീന്‍ ഔട്ട്ഡോര്‍, ബ്രിട്ടീഷ് പോപ്പ് താരം സോഫി എല്ലിസ്-ബെക്സ്റ്ററിന്റെ സിറോമെറ്റ് ഷോ, ടേക്ക് ദാറ്റിന്റെ സംഗീത പരിപാടി എന്നിവയാണ് മിന്നല്‍ ആഘാതത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. ക്വീന്‍സ്ലാന്റിലെ ഡാല്‍ബിയിലെ ഒരു കാള ഫാമില്‍, 30,000 ഡോളര്‍ വിലമതിക്കുന്ന വൈക്കോല്‍ കൂനകളാണ് കനത്ത ഇടിമിന്നലേറ്റ് കത്തിനശിച്ചത്.