Health

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്… മുടി കൊഴിച്ചില്‍ തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ…

കറുത്ത ഇടതൂര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. ഇതിനായി പല പരീക്ഷണങ്ങളും പെണ്‍കുട്ടികള്‍ ചെയ്യാറുണ്ട്. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ആശങ്കപ്പെടുന്നവരാണ്. മുടി കൊഴിച്ചില്‍ പുരുഷന്മാരെയും വളരെയധികം ബാധിയ്ക്കാറുണ്ട്. കാലാവസ്ഥാ മാറ്റങ്ങളും, ജോലിയും, സ്‌ട്രെസുമൊക്കെ മുടി കൊഴിച്ചിലിനെ ബാധിയ്ക്കാറുണ്ട്. മുടി നന്നായി വളര്‍ത്തിയെടുക്കാന്‍ പൊതുവെ പുരുഷന്മാര്‍ക്ക് കുറച്ച് കഷ്ടപ്പാടാണ്. പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ മാറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

  • മുടി സംരക്ഷണത്തിനായി ഒരു ദിനചര്യ കണ്ടെത്തുക – ആരോഗ്യമുള്ള മുടിയ്ക്ക് ശരിയായ ദിനചര്യ വളരെ പ്രധാനമാണ്. സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്ക് പൊതുവെ മുടി സംരക്ഷണം കുറച്ച് എളുപ്പമായിരിക്കും. ഇടവിട്ടുള്ള ദിവസങ്ങളില്‍ മുടി സള്‍ഫേറ്റ് ഇല്ലാത്ത ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാന്‍ ശ്രമിക്കുക. താരന്‍ ഉള്ളവര്‍ അത് മാറ്റാന്‍ കഴിയുന്ന രീതിയിലുള്ള ഷാംപൂ എടുക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല നല്ലൊരു കണ്ടീഷണറും ഇതിനൊപ്പം ഉപയോഗിച്ച് മുടിയെ മോയ്ചറൈസ് ചെയ്ത് നിര്‍ത്താന്‍ ശ്രമിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ആവശ്യമുള്ളപ്പോള്‍ മുടി വെട്ടി കൊടുക്കാനും മറക്കരുത്. മാത്രമല്ല മുടിയ്ക്ക് ഹെയര്‍ മസാജ് വളരെ പ്രധാനമാണ്.
  • മുടി കൊഴിച്ചിലിന്റെ കാരണം കണ്ടെത്തുക – മുടികൊഴിച്ചിലിന്റെ കാരണം കൃത്യമായി കണ്ടുപിടിക്കുക. ആണുങ്ങള്‍ക്ക് കഷണ്ടി ഉണ്ടാകുന്നത് പല രീതിയിലാണ്. മുന്‍ വശത്ത്, തലയുടെ ഉച്ചി ഭാഗത്ത് അങ്ങനെ വ്യത്യസ്തമായ രീതിയില്‍ മുടികൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. പോഷകങ്ങളുടെ കുറവ്, ചില മരുന്നുകള്‍, രോഗങ്ങള്‍ അങ്ങനെ നിരവധി കാരണത്തിലൂടെ മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. എന്തെങ്കിലും വൈറ്റമിനുകളുടെ കുറവാണെങ്കില്‍ അത് സപ്ലിമെന്റുകളിലൂടെ പരിഹരിക്കാവുന്നതാണ്. ചില ചികിത്സകളിലൂടെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും.
  • തലയോട്ടിയുടെ ആരോഗ്യം – മുടികൊഴിച്ചില്‍ തടയാന്‍ തലയോട്ടിയുടെ ആരോഗ്യവും വളരെ പ്രധാനമാണ്. അധികമായ എണ്ണ തലയോട്ടിയില്‍ വയ്ക്കുന്നത് കുറയ്ക്കുക. ദിവസവും തലയോട്ടിയില്‍ മസാജ് ചെയ്ത് കൊടുക്കാന്‍ ശ്രദ്ധിക്കണം. ഇത് രക്തയോട്ടം കൂട്ടാനും അതുപോലെ ഹെയര്‍ ഫോളിസിനെ സംരക്ഷിക്കാനും സഹായിക്കും. എന്താണ് പ്രശ്‌നമെന്ന് കണ്ടെത്തി മുടിയെ സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ വ്യക്തികള്‍ക്ക് വ്യത്യസ്തമായിരിക്കും മുടിയിലെ പ്രശ്‌നങ്ങള്‍.
  • നല്ലൊരു ഡയറ്റ് – നല്ല ഭക്ഷണശൈലി പിന്തുടരുന്നത് മുടിയ്ക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്. പ്രത്യേകിച്ച് അയണ്‍, വൈറ്റമിന്‍ ബി 12, ഫോളിക് ആസിഡ് പോലെയുള്ളവ ഉള്‍പ്പെത്തുക. രക്ത പരിശോധന നടത്തി എന്താണ് കുറവെന്ന് കണ്ടെത്തിയ ശേഷം മാത്രം സപ്ലിമെന്റുകള്‍ എടുക്കാന്‍ ശ്രമിക്കുക. വൈദ്യ പരിശോധനയ്ക്കും ഡോക്ടറുടെ നിര്‍ദേശപ്രകാരവും മാത്രം വേണം ഇത് ചെയ്യാന്‍.
  • മുടി പൊട്ടുന്നത് തടയാം – ദിവസവും അമിത ചൂടുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മുടിയ്ക്ക് ദോഷം ചെയ്യും. സ്‌റ്റൈല്ലിങ്ങ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുക. മുടികൊഴിച്ചില്‍, തലയോട്ടിയിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് ഒക്കെ ഇത് കാരണമാകാറുണ്ട്.