Crime

നെഞ്ചുവേദനയുമായി എത്തിയ രണ്ടു രോഗികളെ ഡോക്ടര്‍ പീഡിപ്പിച്ചു ; നാട്ടുകാരുടെ അടി വാങ്ങി

പരിശോധനയ്ക്കായി എത്തിയ രണ്ടു രോഗികളെ പീഡിപ്പിച്ചു എന്നാരോപിച്ച് ഡോക്ടറെ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ അതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കട്ടക്കില്‍ നടന്ന സംഭവത്തില്‍ മംഗളബാഗ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

രോഗികളും പ്രതികളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ രണ്ടുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തും. ഒഡീഷയിലെ ഏറ്റവും പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ സെന്ററുകളിലൊന്നായ എസ്സിബി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 11 നാണ് സംഭവം. കാര്‍ഡിയോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്നയാളാണ് പ്രതിയായ ഡോക്ടര്‍.

നെഞ്ചുവേദനയെ തുടര്‍ന്ന് ഇസിജി പരിശോധനയ്ക്കായാണ് രോഗികള്‍ ആശുപത്രിയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. രോഗികളെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തതായി അവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ലൈംഗികപീഡനത്തിന് ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അനില്‍ മിശ്ര പറഞ്ഞു.

കൊല്‍ക്കത്തയില്‍ ലേഡീ ഡോക്ടര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം ഇന്ത്യയെ നടുക്കുകയും ഡോക്ടര്‍മാര്‍ക്കെതിരേയുള്ള അക്രമത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം അരങ്ങേറുകയും ചെയ്യുമ്പോഴാണ് ഒഡീഷയില്‍ പീഡനത്തിന്റെ പേരില്‍ ഡോക്ടര്‍ നാട്ടുകാരുടെ അടി വാങ്ങിയത്.