Good News

അപൂര്‍വ രോഗാവസ്ഥയെ ചിരികൊണ്ട് തോൽപ്പിച്ച് മോഡലായവൾ; മാതൃക ഈ പെണ്‍കരുത്ത്

തന്റെ ശരീരത്തെ പരിഹസിച്ചവര്‍ക്കു മുമ്പില്‍ നിറഞ്ഞചിരിയോടെ നില്‍ക്കുകയാണ് മോഡലായ മഹോഗാനി ഗെറ്റര്‍. താന്‍ നേരിടുന്ന രോഗാവസ്ഥയെ ചിരിച്ചുകൊണ്ട് നേരിട്ടവള്‍. ജീവിതത്തിലെ ചെറിയ പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും മുന്നില്‍ സ്വയം ഉള്‍വലിഞ്ഞ് അപകര്‍ഷതാബോധം പേറി ജീവിക്കുന്ന ധാരാളം ആളുകളുണ്ട്. അവര്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങളുമായി ഉയര്‍ന്നു പറക്കാന്‍ പ്രചോദനം നല്‍കുകയാണ് ഈ രുപത്തിയഞ്ചു വയസ്സുള്ള പെണ്‍കരുത്ത്.

അമേരിക്കയാണ് മഹോഗാനി ഗെറ്ററുടെ സ്വദേശം. മുഖത്ത് സദാപുഞ്ചിരിയാണ്. ലിംഫെഡിമ എന്ന രോഗാവസ്ഥയാണ് ഈ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. എന്നാല്‍ അതൊന്നും മഹോഗാനി കാര്യമാക്കിയില്ല. തന്റെ സ്വപ്‌നങ്ങളെ ഈ മിടുക്കി കൈയെത്തി പിടിച്ചിരിക്കുന്നു. ശരീരത്തിലെ മൃദുവായ കോശങ്ങള്‍ അധികമായി ദ്രാവകം ശേഖരിക്കുകയും ആ ശരീരഭാഗം വളരെയധികം നീരുവയ്ക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ലിംഫെഡിമ.

മഹോഗാനി ഗെറ്ററിന്റെ ഇടതു കാലിനാണ് ലിംഫെഡിമ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 45 കിലോയോളമാണ് ഈ കാലിന്റെ മാത്രം തൂക്കം.കാല് മുറിച്ചു കളഞ്ഞൂടേ, എന്ന് ചോദിച്ച് പലരും ചോദിച്ചു. എന്നാല്‍ അതിനെയെക്കെ മറികടന്ന് മോഡലായിരിക്കുകയാണ് ഈ മിടുക്കി. നമ്മുടെ ആത്മവിശ്വാസത്തേയും മനസന്തോഷത്തേയും ഒരു രോഗത്തിനും നശിപ്പിക്കാനാവില്ലെന്ന് ഈ പെണ്‍കുട്ടി സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞു. അതും തന്റെ ശാരീരിക വൈകല്യത്തെ ഒളിച്ചുവയ്ക്കാതെ.

ഈ സാഹചര്യത്തില്‍ ജീവിക്കുന്ന അനേകര്‍ക്കുള്ള ബോധവല്‍ക്കരണം കൂടിയാണ് സ്വന്തം ജീവിതത്തിലൂടെ ഈ യുവതി കാണിച്ചുതരുന്നത്.ചെറുപ്പത്തില്‍ തന്റെ രോഗാവസ്ഥയോര്‍ത്ത് പലപ്പോഴും കരഞ്ഞിട്ടുണ്ടെന്ന് മഹോഗാനി ഗെറ്റര്‍ പറയുന്നു. എന്നാല്‍ പിന്നീട് ആ അവസ്ഥയെ അംഗീകരിക്കാന്‍ മനസു പഠിച്ചതോടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. തന്റെ മാതാവ് നല്‍കിയ മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ കരുത്തായതെന്നും മഹോഗാനി ഗെറ്റര്‍ പറഞ്ഞു.