Sports

11 പന്തുകളില്‍ 50, എട്ടു സിക്‌സറുകളും ഒരു ഫോറും; യുവരാജിന്റെ റെക്കോഡ് തകര്‍ത്ത് അശുതോഷ് ശര്‍മ്മ

റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഒരു മതവും വിശ്വാസവും സന്തോഷവും ആവേശവുമൊക്കെയായ ഇന്ത്യയില്‍ ക്രിക്കറ്റിലെ റെക്കോഡുകള്‍ കുറിക്കുന്നതും തകര്‍ക്കപ്പെടുന്നതുമൊന്നും ഒരു പുതുമയുള്ള കാര്യമല്ല. ഇന്ത്യയിലെ ഏറ്റവും മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന് പേരുള്ള യുവ്‌രാജ് സിംഗ് 16 വര്‍ഷമായി കൊണ്ടുനടന്ന വേഗമേറിയ അര്‍ദ്ധസെഞ്ച്വറിയുടെ നേട്ടം ഇനി റെയില്‍വേയുടെ അശുതോഷ് ശര്‍മ്മ ഏറ്റെടുത്തു. 11 പന്തില്‍ ഫിഫ്റ്റിയടിച്ചാണ് ശര്‍മ്മ യുവിയുടെ നേട്ടം രണ്ടാം സ്ഥാനത്താക്കിയത്.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ യുവരാജ് നേടിയ ഫിഫ്റ്റിയാണ് അശുതോഷ് മറികടന്നത്. എട്ടു സിക്‌സറുകളും ഒരു ബൗണ്ടറിയുമായി വെറും 11 പന്തുകളില്‍ അശുതോഷ് 52 അടിച്ചു കൂട്ടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റാഞ്ചിയില്‍ നടന്ന ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ അരുണാചല്‍ പ്രദേശിനെതിരെ ആയിരുന്നു പ്രകടനം. 4 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ് അശുതോഷ് ക്രീസിലെത്തിയത്. പിന്നീട് 12 പന്തില്‍ എട്ട് സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 53 റണ്‍സ് അടിച്ചെടുത്തു. അര്‍ദ്ധ സെഞ്ച്വറി തികച്ചതിന്റെ തൊട്ടടുത്ത പന്തില്‍ വീണ അശുതോഷ് 441.66 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റുമായി മടങ്ങി. അദ്ദേഹത്തിന്റെ നാല് സിക്സറുകള്‍ കവറുകളിലും ലോംഗ്-ഓഫ് മേഖലയിലും പറന്നപ്പോള്‍, രണ്ടെണ്ണം ലോംഗ്-ഓണിനും രണ്ടെണ്ണം സ്‌ക്വയറിനു പിന്നിലേക്കുമായിരുന്നു.

25 കാരനായ അശുതോഷ് റെയില്‍വേയ്ക്കായി തന്റെ രണ്ടാം ടി20യിലും മൊത്തത്തില്‍ പത്താം ടി20യിലുമായിരുന്നു കളിച്ചത്. 2018-ല്‍ മധ്യപ്രദേശിനായി ടി20 അരങ്ങേറ്റം കുറിച്ച അദ്ദേഹം 2019-ലാണ് അവസാനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്. 2019-ല്‍ മദ്ധ്യപ്രദേശിച് വേണ്ടി ഒരു 50 ഓവര്‍ മത്സരത്തില്‍ മാത്രമാണ് കളിച്ചത്.

16 വര്‍ഷമായി ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന യുവരാജിന്റെ റെക്കോര്‍ഡ് കഴിഞ്ഞ മാസം ഹാങ്സൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയയ്ക്കെതിരെ നേപ്പാളില്‍ നിന്നുള്ള ദിപേന്ദ്ര സിംഗ് ഐറി തകര്‍ത്തിരുന്നു.