Crime

‘എന്തിനും ശകാരം; മടുത്തു’, 13കാരി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ‘സ്വയം കിഡ്‌നാപ്പിംഗ്’ നടത്തി

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സുഹൃത്തുക്കളോട് സംസാരിക്കുന്നതിനും ലിപ്സ്റ്റിക്ക് പുരട്ടുന്നതിനുമൊക്കെ അമ്മ ശകാരിച്ചതിന് സ്വയം തട്ടിക്കൊണ്ടുപോകല്‍ നടത്തി മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നുള്ള 13 കാരി. ഖമരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രിയദര്‍ശിനി കോളനിയിലാണ് സംഭവം. തട്ടിക്കൊണ്ടുപോകല്‍ വ്യാജമാണെന്ന് 13 വയസ്സുള്ള പെണ്‍കുട്ടി പിന്നീട് സമ്മതിക്കുകയും ചെയ്തു.

പുറത്തുപോയ പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ വന്നപ്പോള്‍, മകളുടെ മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തി: ‘നിങ്ങളുടെ മകള്‍ ഞങ്ങളുടെ കൂടെയുണ്ട്, നിങ്ങള്‍ക്ക് അവളുടെ തിരിച്ചു വേണമെങ്കില്‍ 15 ലക്ഷം രൂപ തരണം. പോലീസിനെ അറിയിച്ചാല്‍, അനന്തരഫലങ്ങള്‍ മോശമായിരിക്കുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. ഭയന്ന കുടുംബം ഉടന്‍ തന്നെ ഖമരിയ പോലീസില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസ് ജബല്‍പൂരിലും ഭോപ്പാലിലും ഉടനീളമുള്ള പോലീസ് സംഘങ്ങളെ അതിവേഗം രംഗത്തിറങ്ങി.

അന്വേഷണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. തിരച്ചിലിനിടെ, കാണാതായ കൗമാരക്കാരിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ സദര്‍ ഏരിയയ്ക്ക് സമീപം ഇറക്കിവിട്ടതായി ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തി. ഏകദേശം അഞ്ച് മണിക്കൂറിന് ശേഷം, സദറിലെ ലെയ്ന്‍ നമ്പര്‍ 7 ന് ചുറ്റും അലഞ്ഞുതിരിഞ്ഞ പെണ്‍കുട്ടിയെ കണ്ടെത്തി. താന്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടില്ലെന്ന് പെണ്‍കുട്ടി സമ്മതിച്ചു.

വീട്ടിലെ പതിവ് ശകാരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മുഴുവന്‍ എപ്പിസോഡും താന്‍തന്നെ പ്ലാന്‍ ചെയ്തതാണെന്ന് കുട്ടി വെളിപ്പെടുത്തി. ഒരു മാസം ആരുടേയും ആശ്രയമില്ലാതെ ജീവിക്കാനായിരുന്നു പദ്ധതി. മോചനദ്രവ്യം ആവശ്യശപ്പട്ട കത്തിലെ കൈയക്ഷരം പെണ്‍കുട്ടിയുടെ സ്‌കൂള്‍ നോട്ട്ബുക്കില്‍ നിന്നുള്ള സാമ്പിളുകളുമായി പൊരുത്തപ്പെടുന്നതായി സ്ഥിരീകരിച്ചു. ഇതോടെ കത്ത് അവള്‍ തന്നെ എഴുതിയതാണെന്ന് സ്ഥിരീകരിച്ചു.

ഇതാണ് പെണ്‍കുട്ടി സ്വയം തട്ടിക്കൊണ്ടുപോകല്‍ നടത്തിയതാണോ എന്ന സംശയത്തിലേക്ക് നയിച്ചത്. ഓട്ടോക്കാരന്റെ മൊഴി നിര്‍ണ്ണായകമാകുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയും പിന്നീട് സുരക്ഷിതമായി കുടുംബത്തില്‍ എത്തിക്കുകയും ചെയ്തു.

വ്യാജ തട്ടിക്കൊണ്ടുപോകല്‍ കോളനിയില്‍ ഉടനീളം പരിഭ്രാന്തി പരത്തി. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന വൈകാരിക സമ്മര്‍ദ്ദത്തിലേക്കും ഈ സംഭവം വിരല്‍ ചൂണ്ടുന്നു. ഭാവിയില്‍ സമാനമായ സാഹചര്യങ്ങള്‍ തടയാന്‍ സഹായിക്കുന്നതിന് കുട്ടികളുമായി തുറന്നതും പിന്തുണ നല്‍കുന്നതുമായ ആശയവിനിമയം നിലനിര്‍ത്താന്‍ രക്ഷിതാക്കളോട് പോലീസ് ഉപദേശിച്ചു.