Lifestyle

മക്കൾക്ക് തനിച്ചുറങ്ങാൻ മടിയാണോ?; പേടിമാറ്റി മിടുക്കരാക്കാൻ അഞ്ചു വഴികൾ

കുട്ടികളെ ഒരു പ്രായം കഴിയുമ്പോള്‍ മുതല്‍ രാത്രിയില്‍ ഒറ്റയ്ക്ക് കിടത്തി ശീലിപ്പിയ്‌ക്കേണ്ടതാണ്. എന്നാല്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നത് പല മാതാപിതാക്കള്‍ക്കും ധാരണ ഇല്ലെന്നുള്ളതാണ് സത്യം. മാതാപിതാക്കള്‍ക്കൊപ്പം കിടന്ന് ഉറങ്ങി ശീലിച്ച കുട്ടി ഒരിയ്ക്കലും പെട്ടെന്ന് മാറി കിടക്കാന്‍ സമ്മതിയ്ക്കുകയുമില്ല. കുട്ടിയെ നിര്‍ബന്ധപൂര്‍വം മാറ്റിക്കിടത്തുന്നതിനു പകരം അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി സമ്മതിപ്പിയ്ക്കുകയാണ് വേണ്ടത്. മാതാപിതാക്കളോടു ചേര്‍ന്നു കിടക്കുമ്പോഴുള്ള സുരക്ഷിതത്വം നഷ്ടപ്പെടുന്നതാണ് കുട്ടിയുടെ ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ട് ഇത് എങ്ങനെ സാധ്യമാക്കാമെന്ന് മാതാപിതാക്കളും മനസിലാക്കിയിരിയ്ക്കണം…….

* വൈകിയുറങ്ങുന്ന ശീലം നല്ലതല്ല. എന്നും ഒരേ സമയത്ത് ഉറങ്ങാന്‍ കുട്ടികളെ ശീലിപ്പിക്കണം. ഉറങ്ങുന്നതിനു മുന്‍പ് എന്നും ഒരേ ശീലങ്ങള്‍ പിന്തുടരാന്‍ പഠിപ്പിക്കുക. ദേഹം വൃത്തിയാക്കുകയും പല്ലുതേക്കുകയും ചെയ്ത ശേഷം ഉറങ്ങാന്‍ തയാറാകണമെന്നു പറഞ്ഞു നല്‍കുക.

* കുട്ടി മുതിര്‍ന്നവരുടെ കൂടെ കിടക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നു മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. കുട്ടിയോടു സംസാരിച്ചു മനസ്സിലെ ആകുലതകള്‍ അകറ്റാന്‍ സഹായിക്കണം.

* ചെറിയ കുട്ടികള്‍ക്കൊപ്പം ആവശ്യമെങ്കില്‍ മാതാപിതാക്കള്‍ കുറച്ചു നേരം ഇരിക്കുക. ഈ സമയം ക്രമേണ കുറയ്ക്കണം. കെട്ടിപ്പിടിച്ചും ഉമ്മ നല്‍കിയും സ്‌നേഹം പ്രകടിപ്പിച്ചും സുരക്ഷിതത്വമേകിയും ഉറങ്ങാന്‍ സഹായിക്കാം. ഉറങ്ങുമ്പോള്‍ ചേര്‍ത്തു പിടിക്കാന്‍ പാവക്കുട്ടിയോ തലയണയോ നല്‍കുക. കഥകള്‍ വായിച്ചു കേള്‍പ്പിക്കാം. ശാന്തമായ മനസ്സോടെ കുട്ടികള്‍ ഉറങ്ങട്ടെ.

* ഇടയ്ക്ക് കുട്ടി ഉണരുന്നുണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നു വിലയിരുത്തുക. ഇരുട്ടിനോടുള്ള പേടിയാണു പ്രശ്‌നമെങ്കില്‍ അതിനു പരിഹാരം കണ്ടെത്താം. നേര്‍ത്ത പ്രകാശമുള്ള നൈറ്റ് ലൈറ്റ് മുറിയില്‍ സ്ഥാപിച്ചാല്‍ ഇരുട്ടിനോടുള്ള പേടി ബാധിക്കില്ല. വെള്ള, നീല നിറങ്ങളിലെ പ്രകാശം ഒഴിവാക്കുന്നതാണു നല്ലത്. ഇത് ഉറക്കത്തെ സഹായിക്കുന്ന മെലാടോനിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനത്തെ ബാധിക്കാനിടയുണ്ട്. സുഖകരമായ ഉറക്കത്തിനു തടസ്സമുണ്ടാക്കുന്ന ഒന്നും ബെഡ്‌റൂമിലുണ്ടാകരുത്.

* കുട്ടിയുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും പരിഗണിച്ചു ഭംഗിയായി ബെഡ്‌റൂമൊരുക്കാം. പ്രിയപ്പെട്ട നിറങ്ങളും അലങ്കാരങ്ങളുമെല്ലാം നിറഞ്ഞ ബെഡ്‌റൂമില്‍ സമയം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് ഇഷ്ടം തോന്നും.