Good News

പുലര്‍ച്ചെ 4-ന് എഴുന്നേറ്റ് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ തയ്യാറാക്കുന്ന കുട്ടി: കയ്യടിച്ച് സോഷ്യല്‍ മീഡിയ- വീഡിയോ

കുട്ടികളുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു കുട്ടി നേരം പുലരുന്നതിന് മുമ്പ് ഉണര്‍ന്ന് തനിക്ക് വേണ്ടിയുള്ള ടിഫിന്‍ സ്വയം തയാറാക്കുന്നതിന്റെ ദൃശ്യങ്ങളാണ് , ഇന്‍സ്റ്റാഗ്രാമില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. @life_of_two_boys എന്നയാള്‍ പങ്കുവെച്ച റീലില്‍, പാന്റും ഷര്‍ട്ടും ധരിച്ച ഒരു കുട്ടി, അവന്റെ ലഞ്ച് ബോക്സിലേക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതാണ് കാണുന്നത്.

വീഡിയോയുടെ തുടക്കത്തില്‍ കുട്ടി ഫ്രിഡ്ജ് തുറന്ന് നേരത്തെ കുഴചുവെച്ച ആട്ടയും (റൊട്ടി മാവ്) ചിക്കന്‍ നഗറ്റ്സ് എന്ന് തോന്നിക്കുന്ന ഒരു പാക്കറ്റും എടുക്കുന്നതാണ് കാണുന്നത്. പിന്നീടുള്ള ചിലത് ഈ കുട്ടി എയര്‍ ഫ്രയറില്‍ സ്ഥാപിക്കുന്നതാണ് കാണുന്നത്. ഇതിനിടയില്‍ നൂഡില്‍സിന്റെ ഒരു പാക്ക് പൊട്ടിച്ചു വേവാന്‍ വെക്കുന്നതും വീഡിയോയില്‍ കാണാം.

ഇതിനിടയില്‍, അവന്‍ ചപ്പാത്തി ഉണ്ടാക്കാന്‍ മാവ് ഉരുട്ടുകയാണ്. ചപ്പാത്തി പരത്തിയ ശേഷം ചോക്ലേറ്റ് സ്‌പ്രെഡ് അതിലേക്ക് തേക്കുന്നു. അതിനു മുകളില്‍ മറ്റൊരു ചപ്പാത്തി കൂടി വെക്കുകയും ചപ്പാത്തിയുടെ അരികുകള്‍ ശ്രദ്ധാപൂര്‍വ്വം കൂട്ടിചേര്‍ത്ത് ചുടുകയുമാണ്. ഇതിനിടയില്‍ ആപ്പിളും കട്ട് ചെയ്ത് എടുക്കുന്നു.

തുടര്‍ന്ന് അവന്‍ തന്റെ ലഞ്ച് ബോക്സ് എടുത്ത് അതില്‍ അവന്‍ തയ്യാറാക്കിയ ഭക്ഷണം നിറയ്ക്കാന്‍ തുടങ്ങുന്നു. ഒരു പാത്രത്തില്‍ നൂഡില്‍സ് എടുക്കുമ്പോള്‍ ടിഫിന്‍ ബോക്‌സിന്റെ മറ്റൊരു ഭാഗത്ത് ചുറ്റെടുത്ത ചപ്പാത്തി മുറിച്ച് വെക്കുന്നു. തുടര്‍ന്ന് കുറച്ച് ആപ്പിള്‍ കഷ്ണങ്ങളും വയ്ക്കുന്നു. തന്റെ ടിഫിന്‍ ബോക്സ് അടക്കുന്നതിനു മുന്‍പ് താനുണ്ടാക്കിയ ഒരു ചപ്പാത്തി കുട്ടി ആസ്വദിച്ച് കഴിക്കുന്നതും കാണാം. വീഡിയോയില്‍ , ‘നേരം പുലര്‍ച്ചെ 4 മണി. നമുക്ക് എന്റെ ‘ലഞ്ച് ബോക്‌സ്’ ഉണ്ടാക്കാം.’ .എന്നു തുടക്കത്തില്‍ എഴുതിയിരിക്കുന്നതും കാണാം.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതുവരെ 8 മില്യണിലധികം ആളുകളാണ് കണ്ടത്. കമന്റുകളില്‍, ആണ്‍കുട്ടിയുടെ കഴിവുകള്‍ പലരും എടുത്തുകാട്ടി. ‘ഈ കൊച്ചു പയ്യന്‍ മാതാപിതാക്കളെ ജോലിക്ക് വിടുകയും തുടര്‍ന്ന് സ്‌കൂളില്‍ പോകുകയും ചെയ്യുന്നു.’എന്നു കുറിച്ചു.

‘ഇക്കാലത്ത് മാതാപിതാക്കളെ വളര്‍ത്തുന്നത് ബുദ്ധിമുട്ടാണ്.’മറ്റൊരു ഉപഭോക്താവ് രസകരമായി കുറിച്ചു.
”എന്റെ അമ്മ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാത്തത് നല്ല കാര്യമാണ്.’എന്നായിരുന്നു ഒരാള്‍ ആശ്വാസത്തോടെ കുറിച്ചത്.

‘അവന്‍ ഒന്നും പറയാതെ എന്നെ നാണം കെടുത്തി.’,’എല്ലാ മാതാപിതാക്കളുടെയും സ്വപ്ന കുട്ടി.’മറ്റുചിലരും കുറിച്ചു.