Sports

റൊണാള്‍ഡോയും മെസ്സിയും വീണ്ടും ഏറ്റുമുട്ടുമോ? ‘ദി ലാസ്റ്റ് ഡാന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന മത്സരം വാസ്തവമോ?

ക്രിസ്ത്യാനോ റൊണാള്‍ഡോയും ലിയോണേല്‍ മെസ്സിയും ഉള്‍പ്പെട്ട ടീമുകള്‍ ഏറ്റുമുട്ടിയപ്പോഴത്തേത് പോലെ ഒരു ആവേശം ഈ നൂറ്റാണ്ടില്‍ ഇതുവരെ മറ്റൊരു മത്സരത്തിനും കിട്ടിയിട്ടില്ലെന്ന് വേണം കരുതാന്‍. ഇരുവരും വീണ്ടും ഏറ്റുമുട്ടാനുള്ള വിദൂര സാധ്യതകള്‍ പോലും അവസാനിപ്പിച്ചാണ് ക്രിസ്ത്യാനോ പിന്നീട് സൗദി അറേബ്യയിലേക്കും മെസ്സി വടക്കന്‍ അമേരിക്കയിലെ ഇന്റര്‍മിയാമിയിലേക്കും പോയത്.

എന്നാല്‍ ലോകഫുട്‌ബോളിലെ ചക്രവര്‍ത്തിമാരുടെ യുദ്ധത്തിന് ഒരിക്കല്‍ കൂടി കളമൊരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയില്‍ നടക്കുന്ന റിയാദ് സീസണ്‍ കപ്പില്‍ അല്‍-നാസര്‍ എഫ്സിക്കെതിരെ ഇന്റര്‍ മിയാമി എഫ്സി മത്സരിക്കാന്‍ പോവുകയാണെന്ന സൗദി സര്‍ക്കാരിന്റെ ജനറല്‍ അതോറിറ്റി ഫോര്‍ എന്റര്‍ടൈന്‍മെന്റ് ചെയര്‍മാനും ലാലിഗ ടീമായ അല്‍മേരിയയുടെ ഉടമയുമായ തുര്‍ക്കി അലല്‍ഷിഖ് ട്വീറ്റ് ചെയ്തത് സോക്കര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

ഫുട്‌ബോള്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഇരുവരും വിരമിക്കുന്നതിന് മുമ്പുള്ള മത്സരമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അവസാന മത്സരത്തെ സൂചിപ്പിക്കുന്ന ‘ദി ലാസ്റ്റ് ഡാന്‍സ്’ എന്നാണ് ഇത് ബില്‍ ചെയ്യപ്പെട്ടത്. ‘ഇത് ഫുട്‌ബോള്‍ മഹത്വത്തിന്റെ അവസാന നൃത്തമാണ്.” അലല്‍ ഷേഖ് കുറിച്ചു. ട്വീറ്റില്‍ രണ്ട് ടീമുകളുടെയും ഔദ്യോഗിക ചിഹ്നങ്ങളോടൊപ്പം ഒരു ഫ്‌ലയര്‍ പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗഹൃദ മത്സരത്തിന്റെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നിട്ടുണ്ട്.

എന്നാല്‍ തൊട്ടുപിന്നാലെ, ഇന്റര്‍ മിയാമി സംഗതി സത്യമല്ലെന്ന് കാട്ടി ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ”പ്രീസീസണ്‍ ടൂറുമായി ബന്ധപ്പെട്ട് പരസ്യമായോ സ്വകാര്യമായോ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല,” ഇന്റര്‍ മിയാമി സിഎഫ് കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. ”ഇന്റര്‍ മിയാമി സിഎഫ് ഒരു ആഗോള ബ്രാന്‍ഡായി മാറുകയാണ്. ഇതിനായി, ഞങ്ങളുടെ 2024 പ്രീസീസണ്‍ ഷെഡ്യൂള്‍ നിര്‍ണ്ണയിക്കാന്‍ ഞങ്ങള്‍ സംഭാഷണങ്ങളിലാണ്. വരും ആഴ്ചകളില്‍ പ്രഖ്യാപിക്കുന്ന ഇന്റര്‍ മിയാമി സിഎഫിന്റെ ആദ്യ അന്താരാഷ്ട്ര ടൂറില്‍ ഞങ്ങളുടെ കളിക്കാരെ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” അവരുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

2023 ജനുവരി 19 ന് റിയാദില്‍ നടന്ന അതേ ടൂര്‍ണമെന്റിലാണ് ക്രിസ്ത്യാനോയും മെസ്സിയും അവസാനമായി മുഖാമുഖം വന്നത്. ക്രിസ്ത്യാനോ അല്‍ നാസറിലേക്കുള്ള തന്റെ അപ്രതീക്ഷിത നീക്കത്തിന് ശേഷവും മെസ്സി പിഎസ്ജിയിലേക്ക് മാറിയതിന് പിന്നാലെയും ഇരുവരും ഒരു സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നു. ഈ മത്സരം 5-4ന് പിഎസ്ജി ജയിച്ചിരുന്നു.