ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വിവാഹ മോചന വാര്‍ത്ത കൂടെ പുറത്തുവരുന്നു. ലോകപ്രസിദ്ധ സംഗീതജ്ഞൻ എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു. സൈറ ബാനു ഭർത്താവുമായി വേർപിരിയുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ വേർപിരിയൽ തീരുമാനത്തെക്കുറിച്ച് പ്രസ്താവന ഇറക്കിയത്.
വിവാഹത്തിന് 29 വർഷങ്ങൾക്ക് ശേഷം, ഭർത്താവ് എ ആർ റഹ്മാനിൽ നിന്ന് വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമാണ് സൈറ എടുത്തത്. പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി അവര്‍ പറയുന്നു, ഇത് രണ്ടുപേര്‍ക്കും പരിഹരിക്കാൻ കഴിയില്ല. വേദനയോടെയാണ് താൻ ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ സമയത്ത് അവരുടെ സ്വകാര്യത മാനിക്കണമെന്ന് വന്ദന ഷാ അഭ്യർഥിക്കുന്നു. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം എന്ന് പറഞ്ഞ് മകന്‍ അമീനും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
1994 ല്‍ ചെന്നൈയിലെ ഒരു സൂഫി ആരാധനാലയത്തില്‍ വച്ചാണ് റഹ്‌മാന് വേണ്ടി അമ്മയും പെങ്ങളും സൈറ ബാനുവിനെ കണ്ടെത്തിയത്. 1995 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. മൂന്ന് മക്കളാണ് ദമ്പതികള്‍ക്ക്- ഖദീജ, റഹീമ, അമീന്‍.