Movie News

തന്റെ നായികമാര്‍ 250 രൂപയുടെ സാരിയാണ് ധരിക്കുന്നതെന്ന് അനുരാഗ് കശ്യപ്; മറുപടിയുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ബോളിവുഡ് താരങ്ങളുടെ സിനിമ സെറ്റിലെ ചെലവ് ഈയിടെയായി വലിയ ചര്‍ച്ചാ വിഷയമാണ്. അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ള നിരവധി സിനിമാ നിര്‍മ്മാതാക്കള്‍ ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെലവുകള്‍ അനാവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, റാണി മുഖര്‍ജി തുടങ്ങിയ നായികമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളിലൊന്നായ ഷാന്‍ മുട്ടത്തില്‍ അനുരാഗ് കശ്യപിന്റെ പ്രസ്താവനയോട് പ്രതികരിച്ചിരുന്നു.

ഒരിക്കലും തന്റെ സിനിമകള്‍ക്ക് ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ആവശ്യമില്ലെന്നും കാരണം തന്റെ സിനിമയിലെ നായികമാര്‍ 250 രൂപ വിലയുള്ള കോട്ടണ്‍ സാരിയാണ് ധരിക്കുന്നതെന്നും അവര്‍ക്ക് മേക്കപ്പ് ആവശ്യമില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. അടുത്തിടെ യുട്യൂബ് ചാനലായ ഫിറ്റെ മുഹ് വിത്ത് സിക്ക് & ജാസ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോള്‍, താന്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍സ്‌റ്റൈലിസ്റ്റുകളും ഈടാക്കുന്ന ഉയര്‍ന്ന ഫീസിനെക്കുറിച്ച് ഷാന്‍ മുട്ടത്തില്‍ തുറന്നു പറഞ്ഞിരുന്നു. എല്ലാവരും പണമുണ്ടാക്കാനാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവിടെ മികച്ച എക്‌സ്പീരിയന്‍സ് ലഭിയ്ക്കുമ്പോള്‍ അതിന് അനുസരിച്ചുള്ള പണം എല്ലാവരും ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുരാഗ് കശ്യപ് തന്റെ കരിയറില്‍ നിരവധി ‘ഹിറ്റ് ചിത്രങ്ങള്‍’ നല്‍കിയതിന് ശേഷം ഒരു പുതുമുഖ സംവിധായകന് തുല്യമായ ഫീസ് ചോദിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കും ഹെയര്‍സ്‌റ്റൈലിസ്റ്റുകള്‍ക്കും മാനേജര്‍മാര്‍, ഫസ്റ്റ് എഡിമാര്‍, ഡിഒപിയുടെ അസിസ്റ്റന്റുമാര്‍ എന്നിവരേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതിനാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ, അസൂയ ധാരാളം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ മറ്റ് ദശലക്ഷക്കണക്കിന് കലാകാരന്മാര്‍ക്കിടയില്‍ ലക്ഷക്കണക്കിന് പ്രതിഫലം വാങ്ങുന്ന ചുരുക്കം ചിലര്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.