മൗറീഷ്യസിലെ ലേ മെറീഡിയൻ ഐൽ മൗറിസ് റിസോർട്ടിൽ തന്റെ ഇരുപത്തെട്ടാം പിറന്നാൾ ആഘോഷമാക്കുകയാണ് നടി അനുപമ പരമേശ്വരൻ. റിസോള്‍ട്ടില്‍നിന്നുള്ള അടിപൊളി ചിത്രങ്ങളാണ് അനുപമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്തത്. എന്നാല്‍ ജന്മദിനം മാത്രമല്ല, ഈ ആഘോഷത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. പ്രേമത്തിലെ മേരിയായി അനുപമ സിനിമയിൽ എത്തിയിട്ട് പത്തു വർഷം തികയുകകൂടിയാണ്.
പതിനെട്ടാം വയസ്സില്‍ സിനിമയില്‍ എത്തിയ ആ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകർ ഹൃദയത്തിൽ ചേര്‍ത്തുവച്ചു.മലയാളത്തില്‍ നിന്ന് തുടങ്ങിയെങ്കിലും പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു അനുപമ. തമിഴ്, തെലുങ്ക് സിനിമകളിലും താരം വളരെ സജീവമാകുകയായിരുന്നു. പ്രേമം തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലെ മിന്നും താരമായും മാറി. ഇതിനകം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി കഴിഞ്ഞു. ഇത്രത്തോളം എത്താന്‍ സഹായിച്ച ആരാധകരോടും പ്രേക്ഷകരോടും അനുപമ ഒപ്പമുള്ള കുറിപ്പില്‍ നന്ദി രേഖപ്പെടുത്തി.