തിരുവനന്തപുരം: വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ആന്റണിരാജുവിന് തിരിച്ചടി. നിലവില്‍ എംഎല്‍എ ആയ ആന്റണിരാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1990ലെ കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.
കേസില്‍ രണ്ടാംപ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, വ്യാജ തെളിവുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വഞ്ചനാക്കുറ്റം കോടതി അംഗീകരിച്ചില്ല. ലഹരി കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത് . 14 വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളുള്ളതിനാല്‍ ശിക്ഷ മേല്‍കോടതി വിധിക്കും . ഇതോടെ എംഎല്‍എ സ്ഥാനം വരെ പ്രതിസന്ധിയിലായി.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധിയായുള്ള പദവി റദ്ദായി മാറും. രണ്ടര വര്‍ഷം മന്ത്രിയായിരുന്നയാളാണ് ആന്റണി രാജു. കേസില്‍ ഒന്നാംപ്രതി കോടതി ക്ലര്‍ക്കായിരുന്ന കെ എസ് ജോസിനെയൂം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വിധി വന്നതോടെ ആന്റണി രാജുവിന്റെ നിയമസഭാംഗത്വം റദ്ദാകാന്‍ സാധ്യതയുണ്ട്.
അന്ന് കേസില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട പ്രതി മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയതോടെ മറ്റൊരു സഹതടവുകാരനോട് അടിവസ്ത്രം ചെറുതാക്കിയത് ഉള്‍പ്പെടെ തെളിവ് നശിപ്പിച്ച വിവരം പങ്കുവെയ്ക്കുകയായിരുന്നു.
1990 ഏപ്രിൽ 4-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ, അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടു പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കുന്നതിനായി തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെടുത്തു എന്നതാണ് കേസ്. ഈ കേസിൽ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും, പിന്നീട് ഹൈക്കോടതി ഇയാളെ വെറുതെ വിട്ടു.
സാൽവദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു, കോടതിയിലെ ക്ലാർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടി ചെറുതാക്കി തിരികെ വെച്ചു എന്നാണ് കേസ്. പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടയക്കുന്നതിൽ, തൊണ്ടിമുതലിലെ അളവുകളിലുള്ള വ്യത്യാസം നിർണായകമായി. തെളിവായി ഹാജരാക്കിയ അടിവസ്ത്രം പാകമല്ലാത്തതുകൊണ്ടാണ് പ്രതി രക്ഷപ്പെട്ടതെന്ന വാദമാണ് ഉയർന്നുവന്നത്. പിന്നീട് മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി, സഹതടവുകാരനോട് ഈ തൊണ്ടിമുതൽ തിരിമറി നടത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തിയതിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
തുടർന്ന് 1994-ൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ്, പ്രതിക്കുവേണ്ടി ഹാജരായ ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്. തുടർന്ന് കേസ് അന്വേഷിച്ച പോലീസ്, കോടതി ജീവനക്കാരനായ കെ.എസ്. ജോസിനെ ഒന്നാം പ്രതിയായും ആന്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.




