Oddly News

കല്യാണസദ്യ വിളമ്പാന്‍ വൈകി, നിശ്ചയിച്ചുറപ്പിച്ച കല്യാണം ഉപേക്ഷിച്ച് വരന്‍; മറ്റൊരു വിവാഹം കഴിച്ചു

ഉത്തര്‍പ്രദേശില്‍ ഭക്ഷണം വേണ്ടത്ര കിട്ടിയില്ലെന്ന് ആരോപിച്ച് രോഷാകുലനായ വരന്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണം ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. വരന്‍ മെഹ്താബ് അതേ രാത്രി തന്നെ മറ്റൊരു ബന്ധുവിനെ വിവാഹം കഴിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി 1,60,000 രൂപ വാങ്ങിയതായി കാണിച്ച് പരാതി നല്‍കി.

ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ ആയിരുന്നു വിചിത്രമായ സംഭവം നടന്നത്. ഭക്ഷണം കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് അന്നു രാത്രി തന്നെ വരന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഹമീദ്പൂര്‍ ഗ്രാമത്തില്‍ ഡിസംബര്‍ 22 ന് വധുവിന്റെ വസതിയില്‍ വിവാഹ ഘോഷയാത്രയുമായി വരന്‍ മെഹ്താബ് എത്തിയപ്പോഴാണ് സംഭവം. വധുവിന്റെ കുടുംബം അതിഥികളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു,

എന്നാല്‍ മെഹ്താബിന്റെ ബന്ധുക്കള്‍ ആവശ്യത്തിന് ഭക്ഷണം ലഭിച്ചില്ലെന്ന് അവകാശപ്പെട്ടതോടെ ഉടന്‍ തന്നെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതേ തുടര്‍ന്ന് അതേ രാത്രിയില്‍ തന്നെ ബന്ധുവായ മറ്റൊരു സ്ത്രീയെ മെഹ്താബ് വിവാഹം കഴിച്ചു. വിവാഹത്തില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് മെഹ്താബിന്റെ കുടുംബം സ്ത്രീധനമായി 1.60 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 25ന് പോലീസ് ഇടപെട്ട് ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചു.

കൂടിക്കാഴ്ചയ്ക്കിടെ മെഹ്താബിന്റെ കുടുംബം സ്ത്രീധനമായി ലഭിച്ച 1.60 ലക്ഷം രൂപ തിരികെ നല്‍കി. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പരാതി പിന്‍വലിക്കാന്‍ സമ്മതിച്ചു, മെഹ്താബിനോ കുടുംബത്തിനോ എതിരെ നിയമനടപടി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രേഖാമൂലം മൊഴി നല്‍കുകയും ചെയ്തിരിക്കുകയാണ്.