Travel

ഒരാഴ്ച കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ടുതീര്‍ത്തു ; ഈജിപ്തുകാരന്‍ ഈസയ്ക്ക് ലോകറെക്കോഡ്

ലോകാത്ഭുതങ്ങളില്‍ ഒരെണ്ണം കാണുക എന്നത് തന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അപ്പോള്‍ ലോകത്തിന്റെ പല ഭാഗത്ത് പല ഭൂഖണ്ഡത്തിലായി കിടക്കുന്ന രാജ്യങ്ങള്‍ ഒരാള്‍ ഒരാഴ്ച കൊണ്ട് സന്ദര്‍ശിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഈജിപ്തുകാരന്‍ ഈസ.

ഏറ്റവും വേഗത്തില്‍ ലോകാത്ഭുതങ്ങള്‍ സന്ദര്‍ശിച്ച ലോകറെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഈജിപ്റ്റുകാരന്‍. 45 കാരനായ മാഗ്ഡി ഈസ പൊതുഗതാഗതം മാത്രം ഉപയോഗിച്ച് 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ട് ഏഴ് അതിശയങ്ങളും കണ്ടുതീര്‍ത്തു. ഈസയുടെ നേട്ടത്തെ അഭിനന്ദിച്ച്, പര്യടനത്തിന്റെ വിശദാംശങ്ങള്‍ ഫീച്ചര്‍ ചെയ്യുന്ന വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് താരം ജാമി മക്ഡൊണാള്‍ഡ് സ്ഥാപിച്ച റെക്കോര്‍ഡും ഈസ മറികടന്നു. ഏകദേശം ഒന്നര വര്‍ഷം എടുത്താണ് ഈസ യാത്ര പ്ലാന്‍ ചെയ്തത്. ഗതാഗത കേന്ദ്രങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കും ഇടയിലൂടെ ഫ്‌ളൈറ്റുകള്‍, ട്രെയിനുകള്‍, ബസുകള്‍, സബ്വേകള്‍ തുടങ്ങി ഒരു സങ്കീര്‍ണ്ണമായ വെബ് നാവിഗേറ്റ് ചെയ്യേണ്ടിവന്നെന്നാണ് ഈസ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനോട് പറഞ്ഞു. സ്വകാര്യ ടൂര്‍ സേവനങ്ങളിലൂടെയും ടാക്‌സികളിലൂടെയും ആയിരുന്നു ഇയാള്‍ ടൂര്‍ പ്രോഗ്രാം ചെയ്തത്.

പെറുവില്‍ നിന്ന് മെക്‌സിക്കോയിലേക്കുള്ള തന്റെ വിമാനവും ഈസയ്ക്ക് നഷ്ടമായി. ഭാഗ്യവശാല്‍, താന്‍ ഒരു ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചതിന് ശേഷം എയര്‍ലൈന്‍ ജീവനക്കാര്‍ ചെക്ക്-ഇന്‍ കൗണ്ടര്‍ വീണ്ടും തുറന്നു. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ഈസയുടെ ബാല്യകാല സ്വപ്നമായിരുന്നു.