താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ, സ്‌ഥാനാര്‍ഥികളെ ലക്ഷ്യമിട്ട് ഇരുവിഭാഗങ്ങളായി നടക്കുന്ന ചേരിപ്പോരില്‍ നിലപാട് വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്‌പരം ചെളിവാരി എറിയുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം വളര്‍ന്നുകഴിഞ്ഞു.
അതിനിടെ, അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോന് ആശ്വാസമായി ഹൈക്കോടതിയുടെ വിധി വന്നത് എതിര്‍ വിഭാഗത്തിന് വന്‍ തിരിച്ചടിയായി. ശ്വേതാ മേനോന് പിന്തുണ അറിയിച്ചിറക്കിയ കുറിപ്പില്‍, ആരോപണവിധേയനായി മത്സരത്തില്‍നിന്നു പിന്മാറിയ നടന്‍ ബാബുരാജിനെ പിന്തുണയ്‌ക്കുന്ന ആരും ചേര്‍ന്നില്ലെന്നതും ശ്രദ്ധേയം.
ഹേമ കമ്മിഷന്‍ മുമ്പാകെ തെളിവു നല്‍കാന്‍ ശേഖരിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് മുക്കിയ വിവാദത്തില്‍ കുക്കു പരമേശ്വരനെ വിമര്‍ശിച്ചവരും ശ്വേതയ്‌ക്കെതിരായ പരാതി വന്നപ്പോള്‍ മൗനത്തിലായി. ഇതോടെ ആ വിഭാഗത്തിനും ശ്വേതയ്‌ക്കെതിരായ പരാതിയില്‍ പങ്കുണ്ടോ എന്ന് സംശയമുയര്‍ന്നു.
എന്നാല്‍, പരാതി സംബന്ധിച്ച വിഷയത്തില്‍ എതിര്‍ സ്‌ഥാനാര്‍ഥി നടന്‍ ദേവന്‍ ശ്വേതയെ അനുകൂലിച്ചാണ് നിലപാടെടുത്തത്. ‘ശ്വേതാ മേനോനെതിരായ പരാതി ചില പടങ്ങളിലെ സീനുകള്‍ വച്ചിട്ടാണ്. അത് ശ്വേതയുടെ താല്‍പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല. സിനിമയുടെ സ്‌ക്രിപ്‌റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്‌തത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയത്’-ദേവന്‍ പറഞ്ഞു.
അമ്മയുടെ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായതിനാലാണ് തനിക്കെതിരേ പരാതിയെന്ന് ശ്വേതാ മേനോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രസിഡന്റ് സ്‌ഥാനത്തേക്ക് താന്‍ ശക്‌തയായ സ്‌ഥാനാര്‍ഥിയാണ്. ദുരുദ്ദേശത്തോടെയും പകയോടെയുമാണ് തനിക്കെതിരായ പരാതിയെന്നും ശ്വേത പറഞ്ഞു.




