Fitness

സ്‌കിപ്പിംഗ് ഇനി നിങ്ങളും ശീലമാക്കൂ… മാനസികാരോഗ്യവും ശരീരസൗന്ദര്യവും വര്‍ധിപ്പിക്കും

വ്യായാമങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് സ്‌കിപ്പിംഗ്. വെറും ഗെയിം മാത്രമല്ല സ്‌കിപ്പിംഗ്, മികച്ചൊരു കാര്‍ഡിയോ എക്‌സര്‍സൈസ് കൂടിയാണ്. ശരീരം മുഴുവന്‍ ആക്റ്റീവായി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഏതൊരു വ്യായാമം ചെയ്യുന്നതിന് മുന്‍പും ശരീരം അല്പം വാം അപ്പ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.സ്‌കിപ്പിംഗ് ചെയ്യുന്നതിന് മുന്‍പും ഇത് നിര്‍ബന്ധമാണ്. കാരണം ശരീരം കൃത്യമായ രീതിയില്‍ നിര്‍ത്തി ശ്രദ്ധയോടെ വേണം സ്‌കിപ്പിംഗ് ചെയ്യാന്‍. വാം അപ്പിന് ശേഷം രണ്ടു കാലുകളും ചേര്‍ത്ത് വെച്ച് പതുക്കെ ചാടാന്‍ തുടങ്ങാം. റോപ് കാലില്‍ തടയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം വളരെ കുറഞ്ഞ വേഗതയില്‍ ചെയ്ത് തുടങ്ങി ആത്മവിശ്വാസം ലഭിക്കുന്നതിന് അനുസരിച്ചു കൂടുതല്‍ വേഗത്തില്‍ ചെയ്ത് തുടങ്ങാം.

ശരീരത്തിലെ ഓരോ ഭാഗത്തിനും പരിഗണന നല്‍കുന്ന വ്യായാമ രീതിയാണ് സ്‌കിപ്പിംഗ്. സ്റ്റാമിന വര്‍ധിപ്പിക്കാനും അനാവശ്യ കൊഴുപ്പ് അലിയിച്ചു കലയാനുമെല്ലാം ഇത് വളരെയധികം സഹായിക്കും. വളരെ പെട്ടെന്ന് വിയര്‍ത്ത് ശരീരത്തിലെ അനാവശ്യകൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കുമെന്നതിനാല്‍ ഇത് ഏറെ സ്വീകാര്യവുമാണ്. സ്‌കിപ്പിംഗ് ചെയ്താല്‍ ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിയ്ക്കുന്നത്. അവ എന്തൊക്കെയാണെന്ന് അറിയാം….

* മാനസികാരോഗ്യം വര്‍ധിപ്പിക്കും – സ്‌കിപ്പിംഗ് ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദവും അനാവശ്യ ചിന്തകളും ഒഴിവാക്കാന്‍ വളരെയധികം സഹായിക്കും. ഇവ രണ്ടുമില്ലെങ്കില്‍ പിന്നെ മനസ് ആരോഗ്യത്തോടെ തന്നെയിരിക്കില്ലേ, മാത്രമല്ല, സ്‌കിപ്പിംഗ് ചെയ്യുന്നത് മസ്തിഷ്‌കം ഉള്‍പ്പെടെയുള്ള ശരീരത്തിലെ എല്ലാ ഭാഗത്തും രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് മാനസിക സന്തോഷം നല്‍കുന്ന ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍ ഉദ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

* ഏകാഗ്രത കൂട്ടും – അലസമായി സ്‌കിപ്പിംഗ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉറപ്പായും അടിതെറ്റി വീഴും. ഇല്ലെങ്കില്‍ സ്‌കിപ്പിംഗ് റോപ്പ് കാലില്‍ തടഞ്ഞു പല തവണ നിങ്ങള്‍ വീഴാന്‍ ആയുകയും ചെയ്യും. അതിനാല്‍ തന്നെ പൂര്‍ണമായി ഏകാഗ്രത നല്‍കി മാത്രമേ സ്‌കിപ്പിംഗ് ചെയ്യാന്‍ സാധിക്കൂ. ഇതൊരു ശീലമാകുന്നതോടെ നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിക്കുകയും അതോടൊപ്പം ബുദ്ധി നിലവാരം മികച്ചതാകുകയും ചെയ്യുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

* ഹൃദയാരോഗ്യം കാക്കും – ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച കാര്‍ഡിയോ എക്‌സര്‍സൈസ് ആണ് സ്‌കിപ്പിംഗ്. ഹൃദയത്തെ കരുത്തുള്ളതാക്കാനും അതുവഴി ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകള്‍ ഒഴിവാക്കാനും സ്‌കിപ്പിംഗ് വളരെയധികം പ്രയോജനം ചെയ്യും.

* എല്ലുകളെ ബലപ്പെടുത്തും – എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും ബോണ്‍ ഡെന്‍സിറ്റി മെച്ചപ്പെടുത്താനും മികച്ച വഴിയാണ് സ്‌കിപ്പിംഗ്. അതിനാല്‍ പതിവായി സ്‌കിപ്പിംഗ് ചെയ്യുന്നവരില്‍ എല്ലുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ കുറവായിരിക്കും. മാത്രമല്ല, ഓസ്റ്റിയോപെറോസിസ് പോലുള്ള എല്ലുകളെ ബാധിക്കുന്ന രോഗങ്ങള്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ സ്‌കിപ്പിംഗ് വളരെയധികം പ്രയോജനം ചെയ്യും.

* ബാലന്‍സ് മെച്ചപ്പെടുത്തും – ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. അല്പം ശ്രദ്ധയോടെയും എകാഗ്രതയുള്ള മനസോടെയും മാത്രമേ സ്‌കിപ്പിംഗ് കൃത്യമായി ചെയ്യാന്‍ സാധിക്കൂ. പതിവായി ചെയ്യുമ്പോള്‍ ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്തുകയും നിത്യജീവിതത്തില്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ കായിക പ്രവര്‍ത്തനങ്ങളിലും സഹായിക്കുകയും ചെയ്യും.

* അമിതവണ്ണം ഇല്ലാതാക്കും – അമിത വണ്ണം എരിച്ചുകളയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും സ്‌കിപ്പിംഗ് തിരഞ്ഞെടുക്കണം. തുടര്‍ച്ചയായ രണ്ടാഴ്ച കൊണ്ട് തന്നെ അനാവശ്യ കൊഴുപ്പ് ശരീരത്തില്‍ നിന്ന് ഇല്ലാതാകുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നതാണ് ഈ വ്യായാമത്തിന്റെ പ്രത്യേകത.* കരുത്ത് വര്‍ധിപ്പിക്കും – ശരീരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് സ്‌കിപ്പിംഗ്. പതിവായി 15 മിനിറ്റെങ്കിലും സ്‌കിപ്പിംഗ് ചെയ്യുന്നവരുടെ പേശികള്‍ ദൃഡമാകുകയും കൂടുതല്‍ കരുത്ത് ലഭിക്കുകയും ചെയ്യും. ഇതിനൊപ്പം തന്നെ അകാരണമായ ക്ഷീണവും അലസതയും അനുഭവിക്കുന്നവരില്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കാനും ഇത് സഹായിക്കും.

* ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും – സ്‌കിപ്പിംഗ് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? സത്യമാണ്, മനസ് മുതല്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതാണ് സ്‌കിപ്പിംഗ്. ശരീരത്തില്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനാലും അല്‍പനേരം സ്‌കിപ്പിംഗ് ചെയ്യുന്നതോടെ തന്നെ നന്നായി വിയര്‍ക്കുന്നതിനാലും ചര്‍മ സൗന്ദര്യം മെച്ചപ്പെടുത്താനുള്ള മികച്ച വഴി കൂടിയായി ഇതിനെ കണക്കാക്കാം. ചര്‍മ സുഷിരങ്ങളിലെ അഴുക്ക് പൂര്‍ണമായി നീക്കം ചെയ്യാന്‍ സ്‌കിപ്പിംഗ് സഹായകമാണ്.