Movie News

‘പുഷ്പ-2’: തിരക്കിനിടെ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു അർജുൻ

ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂള്‍’ എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ ഹൈദരാബാദിലെ തീയേറ്ററില്‍ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തസംഭവത്തില്‍ ഇരയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 25 ലക്ഷം സഹായവാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്.

സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ കേസെടുത്തതിന് പിന്നാലെയാത് താരം സഹായം പ്രഖ്യാപിച്ചത്. ദുഃഖിതരായ കുടുംബത്തെ നേരിട്ട് കാണുമെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും താരം ഉറപ്പ് നല്‍കി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ ചികില്‍സാ ചെലവുകള്‍ വഹിക്കാമെന്നും താരം ഉറപ്പുനല്‍കി. ഡിസംബര്‍ 4 ന് രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തെക്കുറിച്ച് താരം എക്‌സില്‍ ഇട്ട പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുണ്ട്.

”സന്ധ്യ തിയേറ്ററിലെ ദാരുണമായ സംഭവത്തില്‍ ഹൃദയം തകര്‍ന്നു. സങ്കല്‍പ്പിക്കാനാവാത്ത ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ വേദനയില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും അവര്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ മാനിച്ചുകൊണ്ട്. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ അവരെ സഹായിക്കാന്‍ സാധ്യമായ എല്ലാ കാര്യവും ചെയ്യാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.” അല്ലു അര്‍ജുന്‍ കുറിച്ചു.

സംഭവത്തില്‍ സിനിമാ ടീം ഒന്നടങ്കം ഞെട്ടിപ്പോയെന്നും അദ്ദേഹം തെലുങ്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ഒരു സുമനസ്സെന്നോണം കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ തിയേറ്ററുകളില്‍ പോയി ആസ്വദിക്കുന്ന തരത്തിലാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. നടന്‍ അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിനും സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റിനുമെതിരെ ഹൈദരാബാദ് പോലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു.

രേവതി (35), മകന്‍ ശ്രീ തേജ് (13) എന്നിവര്‍ക്ക് വന്‍ ജനത്തിരക്ക് കാരണം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ബാല്‍ക്കണിയില്‍ നിന്ന് അവരെ പുറത്തെടുത്ത് മകനെ സിപിആര്‍ നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ അവരെ അടുത്തുള്ള ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇതിനകം രേവതി മരിച്ചതായി ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി മകന്‍ ശ്രീ തേജിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.