
അന്റാര്‍ട്ടിക്കയിലെ അലന്‍ ഹില്‍സില്‍ നിന്ന് ശാസ്ത്രജ്ഞര്‍ അതിശയിപ്പിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. അലന്‍ ഹില്‍സ് മേഖലയില്‍ നിന്ന് 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുകട്ടകളാണ് അവര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ മഞ്ഞു കട്ടയാണിതെന്നാണ് വിസ്മയിപ്പിയ്ക്കുന്നത്. മനുഷ്യര്‍ ഭൂമിയില്‍ എത്തുന്നതിനും എത്രയോ കാലം മുമ്പുള്ള പുരാതന വായുവിന്റെ കുമിളകള്‍ ഈ മഞ്ഞുകട്ടകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു എന്നതാണ് ഇതിനെ കൂടുതല്‍ വിസ്മയമാക്കുന്നത്.
ഇത്രയും പഴക്കമുള്ള മഞ്ഞുകട്ടകള്‍ കണ്ടെത്തുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അന്റാര്‍ട്ടിക്കയിലെ അതിശൈത്യവും ശക്തമായ കാറ്റും ഗവേഷണം ദുഷ്‌കരമാക്കുന്നു. മഞ്ഞുകട്ടകള്‍ ഉരുകിപ്പോകാതെയും നീങ്ങാതെയും ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് അലന്‍ ഹില്‍സ്. ഈ മഞ്ഞുകട്ടകളും അതിനുള്ളിലെ വായുവും കേടുപാടുകള്‍ കൂടാതെ വേര്‍തിരിച്ചെടുക്കാന്‍ ഗവേഷകര്‍ അതീവ ജാഗ്രതയോടെയാണ് ഖനനം നടത്തുന്നത്. ഈ വായുകുമിളകളെ കുറിച്ച് പഠിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ അന്തരീക്ഷം എങ്ങനെയുള്ളതായിരുന്നു എന്ന് ഗവേഷകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
പ്രകൃതിദത്തമായ കാലാവസ്ഥാ ചക്രങ്ങള്‍ പണ്ട് എങ്ങനെയായിരുന്നുവെന്നും കാലക്രമേണ ഭൂമിയിലെ പരിസ്ഥിതിയില്‍ എന്ത് മാറ്റങ്ങളാണ് ഉണ്ടായതെന്നും മനസ്സിലാക്കാന്‍ ഈ വിവരങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് കൂടുതല്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താന്‍ ഇത് ശാസ്ത്രജ്ഞരെ സഹായിക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ്, താപനിലയിലെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് ഇത് വ്യക്തമായ സൂചനകള്‍ നല്‍കുന്നു. കാലാവസ്ഥാ പഠനത്തിനായി സാധാരണയായി ഉപയോഗിക്കുന്ന മഞ്ഞുപാളികള്‍ക്ക് ഏതാനും ലക്ഷം വര്‍ഷത്തെ പഴക്കം മാത്രമേ ഉണ്ടാകാറുള്ളൂ.



