റിയാദ്: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ‘കഫാല’ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഔദ്യോഗികമായി നിര്‍ത്തലാക്കി സൗദി അറേബ്യ. ഇതോടെ, വിദേശ തൊഴിലാളികളുടെ താമസാനുമതിയെയും അവകാശങ്ങളെയും തൊഴിലുടമയുമായി ബന്ധിപ്പിച്ച 70 വര്‍ഷത്തിലേറെ പഴക്കമുള്ള സംവിധാനത്തിന് അന്ത്യമായി. രാജ്യത്തുടനീളം കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴില്‍ അവകാശങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ണായക ചുവടുവയ്‌പ്പാണ് നടപടി. പുതിയ പ്രഖ്യാപനം കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ കൂടുതല്‍ നേട്ടവും തെക്കന്‍ ഏഷ്യയില്‍ നിന്നുള്ളവര്‍ക്കും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ളവര്‍ക്കുമായിരിക്കും.
ജി.സി.സി. രാജ്യങ്ങളിലുടനീളമുള്ള കുടിയേറ്റ തൊഴിലാളികളുടെ തൊഴിലിനെയും താമസാനുമതിയെയും നിയന്ത്രിച്ചിരുന്ന നിയമപരമായ ചട്ടക്കൂടായിരുന്നു ‘കഫാല’ സമ്പ്രദായം. 1950 കളിലാണ് ഇത് നിലവില്‍ വന്നത്. എണ്ണ സമ്പന്നമായ ഈ രാജ്യങ്ങള്‍ക്ക് നഗരങ്ങളും അടിസ്‌ഥാന സൗകര്യങ്ങളും നിര്‍മിക്കാന്‍ കുറഞ്ഞ വേതനത്തില്‍ തൊഴിലാളികളെ ആവശ്യമായിരുന്നു. എന്നാല്‍, അവര്‍ക്ക് സ്‌ഥിര താമസാനുമതിയോ പൗരത്വമോ നല്‍കാന്‍ ഈ രാജ്യങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല.
കഫാല സമ്പ്രദായമനുസരിച്ച്, ഒരു വിദേശ തൊഴിലാളിയുടെ നിയമപരമായ പദവി പൂര്‍ണമായും അവരുടെ തൊഴിലുടമയുമായി, അല്ലെങ്കില്‍ കഫീലുമായി ബന്ധിപ്പിച്ചിരുന്നു. ഈ സ്‌പോണ്‍സറായിരുന്നു അവരുടെ വിസ, രാജ്യത്ത് താമസിക്കാനുള്ള അവകാശം, കൂടാതെ പലപ്പോഴും ജോലി മാറാനുള്ള അല്ലെങ്കില്‍ രാജ്യം വിടാനുള്ള അനുമതി എന്നിവ നിയന്ത്രിച്ചിരുന്നത്.
ഉദ്യോഗസ്‌ഥ മേധാവിത്വം കുറയ്‌ക്കാനും സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ വഴി തൊഴില്‍ നിയന്ത്രിക്കാനുമാണ് ഈ സമ്പ്രദായം രൂപകല്‍പ്പന ചെയ്‌തത്. എന്നാല്‍, പ്രായോഗികമായി ഇത് തൊഴിലുടമയ്‌ക്കും തൊഴിലാളികള്‍ക്കുമിടയില്‍ വലിയ അധികാര അസന്തുലിതാവസ്‌ഥ സൃഷ്‌ടിച്ചു. തൊഴിലുടമകള്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കാനും വേതനം തടഞ്ഞുവയ്‌ക്കാനും നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്താനും കഴിയുമായിരുന്നു. ഇതു ചോദ്യം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് ഒരു മാര്‍ഗവുമില്ലായിരുന്നു. കാലക്രമേണ ലോകത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട തൊഴില്‍ സമ്പ്രദായങ്ങളില്‍ ഒന്നായി ‘കഫാല’ മാറി.
മനുഷ്യാവകാശ ഗ്രൂപ്പുകളും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷ (ഐ.എല്‍.ഒ) നും ഗള്‍ഫ് സര്‍ക്കാരുകള്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ മറവില്‍ നിര്‍ബന്ധിത ജോലിയും മനുഷ്യക്കടത്തും അനുവദിക്കുകയാണെന്ന് ആരോപിച്ചു. അനുമതിയില്ലാതെ ജോലി ഉപേക്ഷിച്ചാല്‍ അറസ്‌റ്റോ നാടുകടത്തലോ ഉണ്ടാകുമെന്നതിനാല്‍ പല തൊഴിലാളികളും ചൂഷണപരമോ അധിക്ഷേപപരമോ ആയ സാഹചര്യങ്ങളില്‍ തുടരാന്‍ നിര്‍ബന്ധിതരായി;പ്രത്യേകിച്ച് ഗാര്‍ഹിക ജോലി, നിര്‍മാണം, കൃഷി എന്നീ മേഖലകളില്‍.
സൗദി അറേബ്യയില്‍ ഏകദേശം 1.30 കോടിയിലധികം കുടിയേറ്റ തൊഴിലാളികളാണുള്ളത്. ഇന്ത്യക്കാര്‍ 2.6 ദശലക്ഷം. രാജ്യത്തിന്റെ ജനസംഖ്യയില്‍ 42 ശതമാനവും പ്രവാസി തൊഴിലാളികളാണ്. അതിനാല്‍തന്നെ നിര്‍മാണം, കൃഷി, വീട്ടുജോലി എന്നിങ്ങനെ വിവിധ മേഖലകളില്‍ കാലങ്ങളായി പ്രവാസികളെയാണ് സൗദി ആശ്രയിക്കുന്നത്. ഇതില്‍ കൂടുതല്‍ തൊഴിലാളികളും ഇന്ത്യ, പാകിസ്‌താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുമുമ്പ് ഖത്തര്‍ മുന്നോട്ടുവച്ച സുപ്രധാന തൊഴില്‍ നിയമ മാറ്റങ്ങള്‍ ഉള്‍പ്പെടെ, വര്‍ഷങ്ങളായി രാജ്യാന്തര തലത്തില്‍ ആവശ്യമുയര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ കഫാല സംവിധാനം നിര്‍ത്തലാക്കാനുള്ള തീരുമാനം സൗദി സ്വീകരിച്ചിരിക്കുന്നത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ‘വിഷന്‍ 2030’ പദ്ധതികളുടെ ഭാഗമായി ‘കഫാല’ സംവിധാനം അവസാനിപ്പിക്കുമെന്ന് ഇക്കഴിഞ്ഞ ജൂണിലാണ് പ്രഖ്യാപനമുണ്ടായത്. സൗദി സമൂഹത്തെ ആധുനികവത്‌കരിക്കുക, സമ്പദ്‌വ്യവസ്‌ഥയെ വൈവിധ്യവത്‌കരിക്കുക, രാജ്യാന്തര പ്രശസ്‌തി മെച്ചപ്പെടുക എന്നിവയാണ് ഇതിലൂടെയുള്ള ലക്ഷ്യം.
പുതിയ കരാര്‍ അധിഷ്‌ഠിത തൊഴില്‍ സംവിധാനത്തിന് കീഴില്‍, കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെതന്നെ ജോലി മാറാനുള്ള സ്വാതന്ത്ര്യം ലഭിക്കും. എക്‌സിറ്റ് വിസകളോ സ്‌പോണ്‍സറുടെ സമ്മതമോ ഇല്ലാതെ രാജ്യം വിടാനും കഴിയും. ഇതോടെ തൊഴില്‍ ചൂഷണങ്ങള്‍ക്കും പണത്തട്ടിപ്പിനും കെണികള്‍ക്കും മറ്റും അവസാനമാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, തൊഴിലാളികളെ ലേബര്‍ കോടതികളെ സമീപിക്കാനും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും നീതി തേടാനും അനുവദിക്കുന്നു.
ഈ പരിഷ്‌കാരങ്ങള്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും ചൂഷണം കുറയ്‌ക്കുമെന്നും നിക്ഷേപകര്‍ക്കിടയിലും രാജ്യാന്തര സമൂഹത്തിലും സൗദി അറേബ്യയുടെ പ്രതിച്‌ഛായ മെച്ചപ്പെടുത്തുമെന്നും ഉദ്യോഗസ്‌ഥര്‍ പറയുന്നു.പ്രഖ്യാപനം വഴിത്തിരിവാണെങ്കിലും നിയമപരമായ പരിഷ്‌കാരങ്ങള്‍കൊണ്ടു മാത്രം ചൂഷണം ഒറ്റരാത്രികൊണ്ട് അവസാനിക്കില്ലെന്ന് വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിയമം മാറ്റുക എന്നതാണ് ആദ്യപടിയെന്നും നിലവിലെ യാഥാര്‍ഥ്യം മാറ്റാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും മനുഷ്യാവകാശ നിരീക്ഷകര്‍ പറയുന്നു.
‘കഫാല’ സംവിധാനം നിര്‍ത്തലാക്കിയത് ഈ മേഖലയിലെ സമീപ ദശകങ്ങളിലെ ഏറ്റവും സുപ്രധാനമായ തൊഴില്‍ പരിഷ്‌കാരങ്ങളില്‍ ഒന്നാണ് എന്നതില്‍ സംശയമില്ല. ഇത് ദശലക്ഷക്കണക്കിന് ദുര്‍ബലരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യം, അന്തസ്, നിയമപരമായ സംരക്ഷണം എന്നിവ വാഗ്‌ദാനം ചെയ്യുന്നു. എന്നിരുന്നാലും, നിയമവും അനുഭവത്തിലുള്ള യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഒരു വെല്ലുവിളിയായി തുടരുന്നു, ഇത് ഗള്‍ഫ് രാജ്യങ്ങളുടെ തൊഴില്‍ ചരിത്രത്തിന്റെ അടുത്ത ഘട്ടത്തെ നിര്‍വചിക്കുന്ന ഒന്നായിരിക്കും.




