Sports

ആണാണോ പെണ്ണാണോ എന്ന ആക്ഷേപങ്ങളെയും ഇടിച്ചിട്ടു ; അള്‍ജീരിയന്‍ ബോക്‌സര്‍ പോയത് ഒളിമ്പിക്‌സ് സ്വര്‍ണ്ണവുമായി

ഒളിമ്പിക്‌സില്‍ വനിതകളുടെ ബോക്‌സിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അള്‍ജീരിയന്‍ ബോക്‌സര്‍ കൂട്ടിലിട്ട് ഇടിച്ചിട്ടത് താന്‍ നേരിട്ട കടുത്ത അപമാനത്തെയും കൂടി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫ് ചൈനയുടെ യാങ് ലിയുവിനെ ഒരു റൗണ്ടില്‍ പോലും തനിക്ക് മേല്‍ വിജയിക്കാന്‍ അവസരം കൊടുത്തില്ല.

മത്സരത്തിലുടനീളം തീവ്രമായ പരിശോധനയ്ക്ക് ശേഷമാണ് 25 കാരിയായ യുവതി സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഫൈനലിലേക്കുള്ള ഓട്ടത്തില്‍ ഒരു റൗണ്ട് പോലും തോല്‍ക്കാതെ, ഒളിമ്പിക്‌സില്‍ ആധിപത്യം പുലര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇന്റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന്‍ (ഐബിഎ) വനിതാ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ നിന്നുമാണ് ഖേലിഫ് ഒളിമ്പിക്സില്‍ മിന്നിയത്.

നേരത്തേ താരത്തിന്റെ ലിംഗപരിശോധന സംബന്ധിച്ച വിവാദത്തിന്റെ നിഴലില്‍ നിന്നുകൊണ്ടായിരുന്നു ഖെലീഫ് ഒളിമ്പിക്‌സില്‍ ഉടനീളം മത്സരിച്ചത്. ഖെലീഫും തായ്വാനീസ് ഫെതര്‍വെയ്റ്റ് ബോക്സര്‍ ലിന്‍ യു-ടിംഗും ലൈംഗിക യോഗ്യതാ മാനദണ്ഡങ്ങളില്‍ പരാജയപ്പെട്ടതായി നേരത്തേ കണക്കാക്കിയിരുന്നു. എന്നിരുന്നാലും പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന സ്ത്രീ എന്നതായിരുന്നു ഐഒസി ഖലീഫിന്റെ കാര്യത്തില്‍ പരിഗണിച്ചതും താരത്തിന് മത്സരത്തില്‍ പങ്കെടുക്കാന്‍ സഹായകരമായി മാറിയതും.